ഫാത്തിമ ലത്തീഫ് കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് വിടുന്നില്ല; ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച കേസിൽ മദ്രാസ് ഹൈക്കോടതി സർക്കാറിനോട് വിശദീകരണം തേടി. മദ്രാസ് ഐഐടിയിലെ മരണങ്ങളിൽ വിശദമായ പരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഫാത്തിമയുടെ മരണം സംബന്ധിച്ച കേസ് എന്ത് കൊണ്ടാണ് സിബിസിഐഡിക്ക് വിടാത്തതെന്നും ചോദിച്ചു. ലോക് താന്ത്രിക് ദള്‍ നല്കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
കേസ് വിദഗ്ദ സമിതിയെ ഏൽപ്പിക്കാൻ മടിക്കുന്നത് എന്തുകൊണ്ടെന്നും ചോദിച്ച കോടതി വിഷയത്തിൽ സിബിഐ അന്വേഷണം നടത്തുന്നതിനെ കുറിച്ച് തമിഴ്നാട് സര്‍ക്കാർ നിലപാട് അറിയിക്കണമെന്നും നിർദേശിച്ചു. നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഫാത്തിമയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. 2006ന് ശേഷം ഐ.ഐ.ടിയില്‍ നടന്ന ആത്മഹത്യകളെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ഹരജിയായിരുന്നു കോടതി മുമ്പാകെ ഉണ്ടായിരുന്നത്.
അതേസമയം, ഐഐടി-മദ്രാസ് വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) സംഘം പിതാവ് അബ്ദുൾ ലത്തീഫ്, സഹോദരി എന്നിവരിൽ നിന്നും ശനിയാഴ്ച മൊഴിയെടുത്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഫാത്തിമയുടെ ലാപ്ടോപ്പും ഗാഡ്ജെറ്റുകളും സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മദ്രാസ് ഐഐടി ഡെവലപ്മെന്റ് സ്റ്റഡീസിലെ എംഎ പ്രോഗ്രാമിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന കൊല്ലം സ്വദേശിയായ 19 കാരി ഫാത്തിമയെ നവംബർ 9 നാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർക്കെതിരെ ഉൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു കുട്ടിയുടെ മരണം.