TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ദമ്പതികള്‍ യുഎസില്‍ മരിച്ച നിലയില്‍; കരഞ്ഞുതളര്‍ന്ന് നാല് വയസുകാരി ബാല്‍ക്കണിയില്‍

ഇന്ത്യന്‍ ദമ്പതികള്‍ യുഎസില്‍ മരിച്ച നിലയില്‍; കരഞ്ഞുതളര്‍ന്ന് നാല് വയസുകാരി ബാല്‍ക്കണിയില്‍

യുഎസിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലെ വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാല് വയസുള്ള മകള്‍ ബാല്‍ക്കണിയില്‍ നിന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും കുത്തേറ്റിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ വ്യാഴാഴ്ചയോടെയാണ് യുഎസ് പൊലീസ് വിവരം അറിയിച്ചത്. മരണ കാരണം വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ പരിശോധനകള്‍ക്കുശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണുള്ളതെന്നും ഭരതിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരതി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവ ശുശ്രൂഷകള്‍ക്കായി ഭരതും കുടുംബവും യുഎസിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അത്യാഹിതം. ബാലാജിയുടെയും ആരതിയുടെയും വയറിലാണ് കുത്തേറ്റിരിക്കുന്നതെന്നും വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം നടക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ചേക്കുമെന്നാണ് വിവരം.

2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആരതിയും 2015ലാണ് ന്യൂജേഴ്സിയിലേക്ക് പോയത്. പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല. സന്തുഷ്ട കുടുംബജീവിതമാണ് ഇരുവരും നയിച്ചിരുന്നത്. ആരുമായും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്നും ഭരത് രുദ്രാവര്‍ പറഞ്ഞു.


Next Story

Related Stories