Top

'നല്ല മൂര്‍ച്ചയുള്ള വാക്കത്തിയുണ്ടാക്കിയിട്ടേ ഞാനിവിടുന്ന് പോകുകയുള്ളൂ'; മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ചുമതലയേറ്റെടുത്ത് ജേക്കബ് തോമസ്

ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് ജേക്കബ് തോമസ് തിരിച്ചുവരുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പദവി, വിജിലന്‍സ് ഡയറക്ടര്‍ക്ക് തുല്യമായി ഉയര്‍ത്തിയതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് പരിഹസിച്ചുകൊണ്ടാണ് ജേക്കബ് തോമസ് ചുമതലയേറ്റത്.

വായ്ത്തല പോകാത്ത നല്ല മൂര്‍ച്ചയുള്ള വാക്കത്തിയുണ്ടാക്കിയിട്ടേ താനിവിടെ നിന്നും പോകുകയുള്ളൂവെന്നും ജേക്കബ് തോമസ് പരിഹസിച്ചു. ഇനി മൂര്‍ച്ച കൂടിപ്പോയാല്‍ മാത്രമേ സര്‍ക്കാരിന് തന്നെയിവിടുന്ന് മാറ്റേണ്ടി വരികയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു. മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങളെല്ലാം പരിശോധിച്ച ജേക്കബ് തോമസ് 101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും മൂര്‍ച്ച കൂടിയാല്‍ പ്രശ്‌നമാകുമോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പരിഹസിക്കുന്നു.

ജൂലൈ 29നാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കി ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് വ്യവസായ വകുപ്പിന് കീഴിലാണ് ജേക്കബ് തോമസിന് നിയമനം നല്‍കിയത്. വ്യവസായ വകുപ്പിലെ ബന്ധുനിയമന കേസില്‍ ഇ പി ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനായത്‌. ഇതേ തുടര്‍ന്ന് ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. ജേക്കബ് തോമസിനെ പകരം നിയമിക്കുന്നത് വ്യവസായ മന്ത്രിയായ ഇ പി ജയരാജന് കീഴിലാണെന്നതും ശ്രദ്ധേയമാണ്. ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ഏറ്റവും മുതിര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറില്‍ സസ്‌പെന്‍ഷനിലായത്. പിന്നീട് അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലതവണ നീട്ടി.

തുടര്‍ച്ചയായ സസ്‌പെന്‍ഷനുകള്‍ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്. അടുത്ത വര്‍ഷം മെയ് 31 വരെയാണ് ജേക്കബ് തോമസിന്റെ സര്‍വീസുള്ളത്.


Next Story

Related Stories