TopTop

വാർത്താ സമ്മേളനത്തിനിടെ ആക്രമണം; സെൻകുമാറിന് പണ്ടിരുന്ന കസേരയുടെ ഹുങ്ക് വേണ്ടെന്ന് കെയുഡബ്ല്യൂജെ, പത്രപ്രവർത്തകൻ പോലീസിൽ പരാതി നൽകി

വാർത്താ സമ്മേളനത്തിനിടെ ആക്രമണം; സെൻകുമാറിന്  പണ്ടിരുന്ന കസേരയുടെ ഹുങ്ക് വേണ്ടെന്ന് കെയുഡബ്ല്യൂജെ, പത്രപ്രവർത്തകൻ പോലീസിൽ പരാതി നൽകി

വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ കെ റഷീദിനോട് മുൻ ഡിജിപി ടി പി സെൻകുമാർ മോശമായി പെരുമാറുകയും ഒപ്പമുണ്ടായിരുന്നവർ കയ്യേറ്റം ചെയ്യാൻ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ ടിപി സെൻകുമാറിനെതിരെ ആക്രമണത്തിന് ഇരയായ കടവിൽ റഷീദ് പോലീസില‍ പരാതി നൽകി.

ടി പി സെൻകുമാർ ഉൾ‌പ്പെടെയുള്ളവർ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ചുണ്ടിക്കാട്ടിയാണ് കണ്ടോൺമെന്റ് പോലീസിൽ പരാതി നൽകിയത്. കലാപ്രേമി ദിനപത്രത്തിന്റെ ബ്യൂറോ ചീഫാണ് പരാതിക്കാരനായ കടവില്‍ കെ റഷീദ്.

അതേസമയം, പ്രസ്ക്ലബിൽ ഉണ്ടായ സംഭവത്തിൽ ടിപി സെൻകുമാർ മാപ്പു പറയണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണ്ടകളുമായാണ് ടി പി സെൻകുമാർ വാർത്താ സമ്മേളനത്തിന് എത്തിയത്. ഇവരാണ് റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയത്. ഇവർക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നും യൂണിയന്‍ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി സംഭവം മാറാതിരുന്നത്. വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. അനാരോഗ്യം മറന്നു മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യഐക്യദാർഢ്യവും യൂണിയൻ പ്രഖ്യാപിക്കുന്നെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

'പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏകാധിപത്യത്തിെൻറ വിട്ടുമാറാത്ത അസ്കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂ. വാർത്താസമ്മേളനത്തിൽ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയൽ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ടതുണ്ട്.' കുറിപ്പിൽപറയുന്നു. സെൻകുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേൽ മാധ്യമ പ്രവർത്തകരോട് വേണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംഘടന ശക്തമായി അപലപിക്കുകയാണെന്നും അറിയിച്ചു.


പത്രക്കുറിപ്പിന്റെ പൂർണരൂപം

പ്രസ്സ് ക്ലബിൽ വാർത്ത വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻ ശ്രീ. കടവിൽ റഷീദിനോട് റിട്ട.ഐപിഎസ് ടിപി സെന്‍കുമാര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രസ് ക്ലബ് പ്രതിഷേധിക്കുന്നു . ഇത് മാധ്യമപ്രവർത്തനത്തിനു എതിരയുള്ള കടന്നു കയറ്റമാണ്. വെള്ളാപ്പള്ളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഡിജിപി ആയിരുന്നപ്പോള്‍ എന്തുകൊണ്ട് താങ്കള്‍ അന്വേഷിച്ചില്ല, താങ്കളെ ഡിജിപി ആക്കിയത് അബദ്ധമായിപ്പോയി എന്നു അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞല്ലോ- അതിനോടുള്ള പ്രതികരണം എന്താണ് എന്നായിരുന്നു കലാപ്രേമി പത്രത്തിന്റെ പ്രതിനിധിയായ കടവിൽ റഷീദ് ചോദിച്ചത്. ഇത് കേട്ടതോടെ പ്രകോപിതനായ സെൻകുമാർ 'പേര് ആദ്യം പറയൂ, മദ്യപിച്ചിട്ടുണ്ടോ' എന്നു ആക്രോശിക്കുകയായിരുന്നു. അക്രഡിറ്റഡ് ജേണലിസ്റ്റ് ആണെന്ന് അറിയിച്ച ശേഷവും സെന്‍കുമാര്‍ തട്ടിക്കയറി. 'ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് ചോദിക്കൂ' എന്നു ഭീഷണിപ്പെടുത്തി. അത് ഏറ്റെടുത്ത് കടവില്‍ റഷീദ് മുന്നോട്ടുവന്നു,.ചോദ്യങ്ങളോട് ഉത്തരം പറയാതെ ഇങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താങ്കളുടെ സംസാരവും പ്രവൃത്തിയും കേട്ടാല്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നും എന്നായിരുന്നു സെൻകുമാറിന്റെ പരിഹാസം. മാത്രമല്ല, സെൻകുമാറിന് ഒപ്പം വന്നവർ ഗൂണ്ടകളെപ്പോലെയാണ് പിന്നീട് പെരുമാറിയത്. റഷീദിനെ കൈയേറ്റം ചെയ്യുകയും ഹാളിനു പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. തള്ളി പുറത്താക്കാന്‍ ശ്രമിച്ചു. ഇതു തടയാൻ പോലും സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന സെൻകുമാർ ശ്രമിച്ചില്ല എന്നതും അത്യന്തം പ്രതിഷേധാർഹമാണ്. റഷീദിനെതിരേയുള്ള മോശം പെരുമാറ്റത്തിലും കൈയേറ്റത്തിലും സെൻകുമാർ മാപ്പു പറയണമെന്ന് തിരുവനന്തപുരം പ്രസ്ക്ലബ് ആവശ്യപ്പെടുന്നു. ഒപ്പം,കടവിൽ റഷീദിന് പൂർണ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

സാബ്ലു തോമസ്

സെക്രട്ടറിNext Story

Related Stories