Top

കെ എം ബഷീർ മരിച്ചിട്ട് നാല് മാസം, വാട്‌സ്ആപ് ഗ്രൂപ്പുകളിൽനിന്ന് 'ലെഫ്റ്റ്' ആയത് ഇന്നലെ; അപകടത്തിന് ശേഷം കാണാതായ ആ ഫോണ്‍ എവിടെ?

കെ എം ബഷീർ മരിച്ചിട്ട് നാല് മാസം, വാട്‌സ്ആപ് ഗ്രൂപ്പുകളിൽനിന്ന്

സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ചിരുന്ന കാറിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ ഫോണുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹത. അപകടത്തിന് പിന്നാലെ സ്വിച്ച് ഓഫായ ഫോണാണ് വീണ്ടും വിവാദത്തിന് വഴിവയ്ക്കുന്നത്. ബഷീർ ഉൾപ്പെട്ടിരുന്ന മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽ നിന്നുൾ‌പ്പെടെ ഇന്നലെ രാത്രിയോടെ ബഷീർ ഉപയോഗിച്ചിരുന്ന നമ്പർ 'ലെഫ്റ്റ്' ആവുകയായിരുന്നു. ഇതോടെ കെ. എം. ബഷീറിന്റെ ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നോണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്.

തിരുവനന്തപുരം നഗരത്തിലെ മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് ഓഗസ്റ്റ് മൂന്നാം തീയതി അർദ്ധരാത്രിൽ നടന്ന അപകടത്തിലാണ് ബഷീർ മരിക്കുന്നത്. പിന്നാലെ ബഷീറിന്റെ ഫോൺ കാണാതാവുകയും ചെയ്തിരുന്നു. ഇതേ ഫോണിലായിരുന്നു ബഷീർ വാട്സാപ്പ് ഉപയോഗിച്ചിരുന്നത്. അപകടം നടന്ന ശേഷം സഹപ്രവർത്തകർ ഈ നമ്പറിലേക്ക് വിളിച്ചിരുന്നെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൃത്യം നാല് മാസം പിന്നിടുമ്പോൾ നമ്പർ വാട്സ് ആപ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആകുന്നത്.

അതേസമയം, കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യത കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നാണ് സൈബർ വിദഗ്ധർ നൽകിയ മറുപടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കാണാതായ ഫോണിലെ വാട്‌സാപ് ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് എന്ന സന്ദേശം ലഭിച്ചേക്കും.



Next Story

Related Stories