കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ അമ്മയ്ക്ക് ജാമ്യം അനുവദിച്ചു. കേസിന്റെ അന്വേഷണത്തിന്റെ പ്രധാനപ്പെട്ട ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തില്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഒരുലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു ഇടപെടലും ഉണ്ടാകരുതെന്നുമാണ് ഉപാധികള്‍. കൂടാതെ, വനിത ഐപിഎസ് കേസ് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയെ വിദഗ്ധമായ ശരീര പരിശോധനയ്ക്കു വിധേയനാക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്കി.
കുട്ടിയുടെ ശരീര പരിശോധനയ്ക്കു പരിചയ സമ്പന്നരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ഓരോ മനശാസ്ത്ര വിദഗ്ധനും ശിശുരോഗ വിദഗ്ധനും ബോര്‍ഡില്‍ ഉണ്ടായിരിക്കണം. അന്വേഷണ സംഘത്തിനു ആവശ്യമെന്നു തോന്നിയാല്‍ കുട്ടിയെ പിതാവിന്റെ അടുക്കല്‍നിന്നു മാറ്റി ഏതെങ്കിലും ഒരു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കേസാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാതൃത്വം എന്നത് ഒരു പവിത്രമായ ഒന്നാണ്. അത് കുഞ്ഞു ജനിക്കുന്നതിനു മുന്നേ ആരംഭിക്കുന്നതാണ്. അതിനെയെല്ലാം അവഗണിക്കുന്ന ഒരു കേസാണിതെന്നും കോടതി പറഞ്ഞു. പരാതി തന്റെ മാതൃത്വത്തെയും സ്ത്രീത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞയാഴ്ച യുവതി ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
നേരത്തെ, പരാതിയില്‍ കഴമ്പുണ്ടെന്നും യുവതിക്ക് ജാമ്യം അനുദവിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെച്ചത്. യുവതി കുഞ്ഞിനു ചില മരുന്നു നല്‍കിയിരുന്നതായി മൊഴി ലഭിച്ചിരുന്നു. പൊലീസ് പരിശോധനയില്‍ മരുന്നു കണ്ടെത്തിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പതിമൂന്നുകാരന്റെ പീഡന പരാതിയില്‍ മാതാവിനെതിരെ ഡിസംബര്‍ 18നാണ് കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തത്. 22ന് അറസ്റ്റിലായ യുവതി അന്നു മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള ആണ്മക്കളും 6 വയസുള്ള മകളും ഇവര്‍ക്കുണ്ട്. പതിനൊന്നുകാരനായ മകന് പിതാവിനെതിരെ മൊഴി നല്‍കിയിരുന്നു. പിതാവ് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നോടും സമാനമൊഴി നല്കാന് പറഞ്ഞിരുന്നുവെന്നും ആയിരുന്നു മകന്റെ വെളിപ്പെടുത്തല്‍. വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്ത യുവതി ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു.