Top

കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തില്‍ പാക് പ്രധാനമന്ത്രിയെ പ്രശംസിച്ച് നരേന്ദ്ര മോദി

കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തില്‍ പാക് പ്രധാനമന്ത്രിയെ പ്രശംസിച്ച് നരേന്ദ്ര മോദി

കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടനാഴി സാധ്യമാകാന്‍ സഹായിച്ചതിനാണ് മോദി ഇമ്രാനെ പ്രശംസിച്ചത്.

ഇന്ത്യന്‍ ജനതയുടെ വികാരം അദ്ദേഹം മാനിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗുരുനാനാകിന്റെ 550-ാം ജന്മവാര്‍ഷികത്തിന് മുമ്പ് തന്നെ കര്‍ത്താര്‍പുര്‍ സാഹിബ് ഇടനാഴി തുറക്കാനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്തു. സിഖ് മതവിശ്വാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ന് കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം നടന്നത്. പഞ്ചാബിലെ ഗുരുദാസ്പുരിലെ ദേരാ ബാബാ നാനാക്കിലെ ചെക്ക് പോസ്റ്റ് മോദിയും അതിര്‍ത്തിക്ക് അപ്പുറത്തുള്ള പാത ഇമ്രാന്‍ ഖാനും ഉദ്ഘാടനം ചെയ്തു.

പാകിസ്ഥാനുമായി നല്ല ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പഞ്ചാബ് പ്രധാനമന്ത്രി ക്യാപ്റ്റന്‍ അമിരിന്ദര്‍ സിംഗ് വ്യക്തമാക്കി. അതേസമയം പാകിസ്ഥാന് രഹസ്യ അജണ്ടകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് സ്‌നേഹം പരത്താനുള്ള സമയമാണെന്നും വെറുപ്പ് പരത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തില്‍ ശ്രദ്ധിക്കണമെന്നും അമിരിന്ദര്‍ സിംഗ് ഉപദേശിച്ചു.

പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യയിലെ തീര്‍ത്ഥാടകര്‍ക്ക് ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുദ്വാര എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. തിരിച്ച് പാക് തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യയിലെ ഗുരുദാസ്പുര്‍ ദേരാബാബ നാനാക്ക് ഗുരുദ്വാരയും എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. അയ്യായിരം പേര്‍ക്ക് ഇതുവഴി പ്രതിദിനം കടന്നുപോകാനാകും.


Next Story

Related Stories