TopTop
Begin typing your search above and press return to search.

കർത്താർപുർ: മോദിക്ക് നന്ദി, ഇമ്രാൻ ഖാൻ ഹൃദയം കവർന്നെന്ന് സിദ്ധു

കർത്താർപുർ: മോദിക്ക് നന്ദി, ഇമ്രാൻ ഖാൻ ഹൃദയം കവർന്നെന്ന് സിദ്ധു

കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഇന്ത്യൻ‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് പഞ്ചാബ് കോൺഗ്രസ് എം‌എൽ‌എയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ധു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഹൃദയം കവർന്നെന്നായിരുന്നു സിദ്ധുവിന്റെ പരാമർശം. ഇമ്രാൻ‌ഖാന്റെ ക്ഷണം സ്വീകരിച്ച് അതിർത്തിയിലെ പാകിസ്ഥാൻ ഭാഗത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ധു. ഇടനാഴി സാധ്യമാകാന്‍ സഹായിച്ചതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇമ്രാൻ ഖാനെ പ്രശംസിച്ച് രംഗത്തെത്തിയതിന് പിന്നാലെയെണ് സിദ്ധുവിന്റെ അഭിനന്ദനം.

സിഖ് മതവിശ്വാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ന് കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം നടന്നത്. പഞ്ചാബിലെ ഗുരുദാസ്പുരിലെ ദേരാ ബാബാ നാനാക്കിലെ ചെക്ക് പോസ്റ്റ് മോദിയും അതിര്‍ത്തിക്ക് അപ്പുറത്തുള്ള പാത ഇമ്രാന്‍ ഖാനും ഉദ്ഘാടനം ചെയ്തു.

“ കർത്താർപൂർ ഇടനാഴി സാധ്യമാവുമ്പോൾ എന്റെ സുഹൃത്ത് ഇമ്രാൻ ഖാന്റെ സംഭാവന ആർക്കും നിഷേധിക്കാൻ കഴിയില്ല. ഞാൻ മോദി ജിയോടും നന്ദി പറയുന്നു, അദ്ദേഹവുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ട്. എന്റെ ജീവിതം ഗാന്ധി കുടുംബത്തിനായി സമർപ്പിച്ചതാണ് അതൊന്നും പ്രശ്നമല്ല. ഞാൻ ഒരു മുന്നബായ് എംബിബിഎസ് സ്റ്റൈൽ ആലിംഗനം അദേഹത്തിന് അയയ്ക്കുന്നു. ” നവജോത് സിംഗ് സിദ്ധു പ്രസംഗത്തിൽ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിഭജനത്തിന് ശേഷം ഇത് ആദ്യമായാണ് അതിർത്തി വേലികൾ ഇല്ലാതാവുന്നത്. ഇടനാഴി തുറന്നുകൊണ്ട് ഖാൻ നാല് തലമുറ വരുന്ന സിഖുകാരുടെ ആഗ്രഹം പൂർത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിയിൽ മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു സിദ്ധു ചടങ്ങില്‍ സംസാരിച്ചത്. അതേസമയം, പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രിയുമായി തുറന്ന അഭിപ്രായ വ്യത്യാസം തുടരുന്ന സിദ്ധു അഞ്ച് മാസത്തിന് ശേഷമാണ് ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഇന്ത്യയിൽ നടന്ന ഉദ്ഘാടനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു. ഇടനാഴി സാധ്യമാകാന്‍ സഹായിച്ചതിനാണ് മോദി ഇമ്രാനെ പ്രശംസിച്ചത്. ഇന്ത്യന്‍ ജനതയുടെ വികാരം അദ്ദേഹം മാനിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗുരുനാനാകിന്റെ 550-ാം ജന്മവാര്‍ഷികത്തിന് മുമ്പ് തന്നെ കര്‍ത്താര്‍പുര്‍ സാഹിബ് ഇടനാഴി തുറക്കാനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യയിലെ തീര്‍ത്ഥാടകര്‍ക്ക് ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുദ്വാര എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. തിരിച്ച് പാക് തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യയിലെ ഗുരുദാസ്പുര്‍ ദേരാബാബ നാനാക്ക് ഗുരുദ്വാരയും എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. അയ്യായിരം പേര്‍ക്ക് ഇതുവഴി പ്രതിദിനം കടന്നുപോകാനാകും.


Next Story

Related Stories