TopTop

എൻഎസ്എസ്സിനെ തള്ളി സിപിഎം ആർഎസ്എസ്സിനെ ഉൾക്കൊണ്ടു, വട്ടിയൂർക്കാവിലെ പരാജയത്തെക്കുറിച്ച് കെ മുരളീധരൻ

എൻഎസ്എസ്സിനെ തള്ളി സിപിഎം ആർഎസ്എസ്സിനെ ഉൾക്കൊണ്ടു, വട്ടിയൂർക്കാവിലെ പരാജയത്തെക്കുറിച്ച് കെ മുരളീധരൻ

വട്ടിയൂർക്കാവിൽ ആർഎസ്എസ് സിപിഎമ്മിനായി വോട്ട് മറിച്ചതാണ് എൽഡിഎഫ് വിജയത്തിന് കാരണമായതെന്ന ആരോപണവുമായി മുന്‍ വട്ടിയൂർക്കാവ് എംഎൽഎയും എംപിയുമായ കെ മുരളീധരൻ. എംഎൽഎമാരെ എംപിമാരാക്കിയതിൽ ജനങ്ങളുടെ എതിർപ്പ് പ്രകടമായി. സ്ഥാനാർത്ഥി നിർണയത്തിലുള്ള അപാകത തിരിച്ചടിയായിട്ടില്ല. മോഹൻകുമാർ മികച്ച സ്ഥാനാർത്ഥിയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഹിന്ദുത്വ ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന സമുദായ സംഘനയാണ് എൻഎസ്എസ്. എന്നാൽ സിപിഎം എൻഎസ്എസ്സിനെ തള്ളി ആർഎസ്എസ്സിനെ ഉൾക്കൊണ്ടതാണ് വട്ടിയൂർക്കാവിലെ പ്രശാന്തിന്റെ വിജയത്തിന് കാരണം. മണ്ഡലത്തിൽ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജാതി പറഞ്ഞ് പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.
യുവാവ് എന്ന പ്രതിച്ഛായ വികെ പ്രശാന്തിന് തുണയായി. മേയർ ബ്രോ എന്ന തരത്തിലുള്ള പ്രചാരണവും നാട്ടിലെ റസിഡൻസ് അസോസിയേഷനുകളിലുള്ള ബന്ധവും പ്രചാരണത്തിന് സഹായകമായി. യുഡിഎഫ് സ്ഥാനാർത്ഥി കഴിഞ്ഞ കാലങ്ങളിൽ ഒരു ഭരണഘടനാ സ്ഥാപനത്തിലെ അംഗമായിരുന്നതിനാൽ ജനങ്ങൾക്കിടയിൽ സജീവമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, വട്ടിയൂർക്കാവിലെ പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. താൻ മൽസരിച്ചിരുന്ന സമയത്ത് പ്രവർത്തിച്ച പോലെ ഇത്തവണയും മണ്ഡലത്തിൽ ഇടപെട്ടിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വട്ടിയൂര്‍ക്കാവിലെ കെ. മുരളീധരനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് താനല്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മോഹൻ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രചാരണത്തിൽ കൃത്യമായി മുന്നേറാന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞെന്നും വിലയിരുത്തുന്നു..
ലോകസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജൂണ്‍ മുതല്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുമുന്നണി സജ്ജമായിരുന്നു. മേയറുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനമുൾപ്പെടെ വിദഗ്ദമായി ഇതിനായി ഉപയോഗിച്ചു. കോർപ്പറേഷൻ ഭരണം സമ്മര്‍ദ്ദ ശക്തികളെ ഉപയോഗിക്കുന്നതിന് വിനിയോഗിച്ചു. ചില സമുദായങ്ങളുടെ പിന്തുണ മറ്റ് വിഭാഗങ്ങള്‍ക്കെതിരാണെന്ന് പ്രചാരണം നടത്തി. അതിനെ പ്രതിരോധിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ഉറുമ്പിനെ ഒട്ടകമാക്കാനുള്ള രീതിയിലാണ് ഇപ്പോൾ പ്രചാരണങ്ങൾ. സമൂഹമാധ്യമങ്ങളും ദ്യശ്യ മാധ്യമങ്ങളും ഉപയോഗിച്ചുള്ള പ്രചരണ സാധ്യതയിലേക്ക് മാറേണ്ട കാലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, വട്ടിയൂർക്കാവിലെ തോൽവിക്ക് കാരണം രാജാവെന്ന ഭാവത്തിലുള്ള പാര്‍ട്ടിയിലെ ചിലരുടെ സമീപനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബര കുറുപ്പ് കുറ്റപ്പെടുത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ് അടിയറ വയ്ക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോള്‍ കോണ്‍ഗ്രസിന് വന്നിരിക്കുന്നത്. അത്തരം കാലങ്ങളൊക്കെ കഴിഞ്ഞെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ മുരളീധരന്റെ നോമിനിയായി ആദ്യം ഉയര്‍ന്ന് കേട്ട പേരായിരുന്നു പീതാംബര കുറുപ്പിന്റേത്. എന്നാൽ പ്രാദേശിക തലത്തിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് നേതൃത്വം മാറ്റിചിന്തിക്കുകയായിരുന്നു.
Next Story

Related Stories