TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രിയുമായുള്ള മീറ്റിംഗ് വെറുതെ സമയം കളയലാണെന്ന് കേരള മുഖ്യമന്ത്രിക്ക് തോന്നുന്നു - ബിജെപിയെ കുത്തി ശിവസേന

പ്രധാനമന്ത്രിയുമായുള്ള മീറ്റിംഗ് വെറുതെ സമയം കളയലാണെന്ന് കേരള മുഖ്യമന്ത്രിക്ക് തോന്നുന്നു - ബിജെപിയെ കുത്തി ശിവസേന

കോവിഡിനെതിരായ പ്രതിരോധ നടപടികളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുഴുകിയിരിക്കെ ബിജെപി നടത്തുന്ന രാഷ്ട്രീയ ആക്രമണം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയിലെ മുഖപ്രസംഗമാണ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. കേരളം കോവിഡിനെ നേരിടുന്നതുമായി മഹാരാഷ്ട്ര സര്‍ക്കാരിനെ താരതമ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ രംഗത്തെത്തിയിരുന്നു. ചന്ദ്രകാന്ത് പാട്ടീലിനെ സാംന മുഖപ്രസംഗം നിശിതമായി വിമര്‍ശിക്കുന്നു.

കേരള മോഡല്‍ എന്താണെന്ന് പാട്ടീല്‍ പഠിച്ചിട്ടില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നില്ല. പ്രധാനമന്ത്രി മോദിയുമായുള്ള വീഡിയോകോണ്‍ഫറന്‍സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നത് സമയം പാഴാക്കലാണെന്ന് അദ്ദേഹം കരുതുന്നു. മഹാരാഷ്ട്രയില്‍ പ്രതിഷേധിക്കുന്നതിന് പകരം ചന്ദ്രകാന്ത് പാട്ടീലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേരളത്തിലാണ് അവരുടെ സമരം നടത്തേണ്ടത് - സാംന എഡിറ്റോറിയല്‍ പറയുന്നു.

രാജ്യത്തൊരു ആരോഗ്യ അടിയന്തരാവസ്ഥയുണ്ട്. ഇതിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുക. അങ്ങനെ ചെയ്യുന്നത് നാണക്കേടായി പ്രതിപക്ഷം കരുതുന്നുണ്ടോ, അതോ അവരുടെ ആത്മവിശ്വാസം നഷ്ടമായോ? - ശിവസേന ചോദിക്കുന്നു.

സംസ്ഥാനത്ത് എല്ലാ ദിവസം കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ട്. എന്നാല്‍ നിരവധി പേര്‍ക്ക് രോഗം ഭേദമാകുന്നുമുണ്ട് എന്ന് എഡിറ്റോറിയല്‍ പറയുന്നു. ബിജെപിയുടെ മഹാരാഷ്ട്ര ബച്ചാവോ പ്രചാരണ പരിപാടിയെ വിമര്‍ശിക്കുന്ന എഡിറ്റോറിയല്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നാണ് സംസ്ഥാനത്തിന് മോചനം വേണ്ടതെന്ന് പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്തതില്‍ വലിയ പാളിച്ചകള്‍ പറ്റിയെന്ന് ആരോപിച്ച് സംസ്ഥാനത്തെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് (മഹാ വികാസ് അഖാഡി) സര്‍ക്കാരിനെതിരെ രൂക്ഷവിര്‍ശനമാണ് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 41642 കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 11726 പേര്‍ രോഗമുക്തി നേടി. 1454 പേര്‍ മരിച്ചു.

മുംബൈയിലെ ആരോഗ്യരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ചന്ദ്രകാന്ത് പാട്ടീല്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം തുടങ്ങിയത് ഏതാണ് ഒരേ സമയത്താണെന്നും എന്നാല്‍ കേരളം കേസുകളുടെ എണ്ണവും മരണനിരക്കും പിടിച്ചുനിര്‍ത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ കേസുകളും മരണവും കുത്തനെ ഉയര്‍ന്നതായും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതാണ് ശിവസേനയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡിനെതിരായ പ്രതിരോധ നടപടികൾ സംബന്ധിച്ച് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ, കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി വീഡിയോകോൺഫറൻസിംഗ് വഴി ചർച്ച നടത്തിയിരുന്നു.


Next Story

Related Stories