TopTop
Begin typing your search above and press return to search.

കൂടത്തായിയിലേത് കുടുംബസ്വത്ത് കയ്യടക്കാനുള്ള കൊലപാതകമെന്ന് സംശയം; എല്ലാ മരണങ്ങള്‍ക്കും കാരണം സൈനേഡെന്ന് പോലീസ്‌

കൂടത്തായിയിലേത് കുടുംബസ്വത്ത് കയ്യടക്കാനുള്ള കൊലപാതകമെന്ന് സംശയം; എല്ലാ മരണങ്ങള്‍ക്കും കാരണം സൈനേഡെന്ന് പോലീസ്‌

കോഴിക്കോട് താമരശേരിയില്‍ കൂടത്തായി സ്വദേശികളായ ആറ് പേരുടെ മരണം ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുകയാണ്. മരിച്ചവരുടെ കുഴിതുറന്ന് പരിശോധിക്കുകയാണ് ഇന്ന് പോലീസ്. രണ്ട് പള്ളികളിലെ ശ്മശാനങ്ങളിലായാണ് ആറ് പേരെയും അടക്കിയിരിക്കുന്നത്. വൃദ്ധദമ്ബതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ ആറ് പേരാണ് സമാനമായ രീതിയില്‍ കൂടത്തായിയില്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച്‌ ലഭിച്ച പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷണം ആരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി അടക്കം ആറ് അംഗങ്ങളുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്.

റിട്ടയേര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്(66), ഭാര്യയും റിട്ടയേര്‍ഡ് അധ്യാപികയുമായ അന്നമ്മ(57), മകന്‍ റോയി തോമസ്(40), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍(68), ടോമിന്റെ സഹോദര പുത്രന്റെ ഭാര്യ സിലി, സിലിയുടെ മകള്‍ അല്‍ഫോണ്‍സ(പത്ത് മാസം) എന്നിവരാണ് സമാനമായ രീതിയില്‍ മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും 2016ല്‍ സിലിയും മരിച്ചു. സിലിയുടെ ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചത് റോയിയുടെ ഭാര്യയെയാണ്. മരണങ്ങളിലെ സമാനതയും കുടുംബത്തിനകത്ത് തന്നെ നടന്ന വിവാഹവും ഒപ്പം ഒരു ഒസ്യത്തുമാണ് കേസ് വീണ്ടും കുത്തിപ്പൊങ്ങാന്‍ കാരണമായത്. റോയിയുടെ സഹോദരനും സഹോദരിയുമാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവും ഉള്‍പ്പെടുന്നുവെന്നാണ് അറിയുന്നത്.

നിലവില്‍ ഒരു പള്ളിയിലുള്ള രണ്ട് കല്ലറകള്‍ തുറന്നു. അടുത്ത പള്ളിയിലേക്ക് പോകുന്നതിനിടെ അഴിമുഖം പ്രതിനിധിയുമായി കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടമുള്ള ഡിവൈ എസ് പി ഹരിദാസന്‍ അഴിമുഖത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പങ്കുവച്ചു.

2002 മുതല്‍ 2016 വരെ ഒരു കുടുംബത്തിലെ ആറ് പേര്‍ ഒരേ രീതിയില്‍ മരിച്ചതാണ് നിലവിലെ അന്വേഷണത്തിന് കാരണം. ഈ ആറ് പേരുടെയും മരണത്തിന് പല സമാനതകളുമുണ്ട്. എല്ലാവരും ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞ് വീഴുകയും ഉടനടി മരണം സംഭവിക്കുകയുമായിരുന്നു. എല്ലാവരുടെയും വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. മൂന്നാമത് മരിച്ച റോയിയുടെ മൃതദേഹം മാത്രമാണ് ഇക്കൂട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ബാക്കിയെല്ലാം ഹൃദയാഘാതം എന്ന് പറഞ്ഞാണ് പള്ളിയില്‍ അടക്കിയിരുന്നത്. അസ്വാഭാവിക മരണത്തിന് പള്ളിയിലെ ശവക്കല്ലറ കിട്ടില്ലെന്ന പ്രശ്‌നവും ഈ മരണങ്ങളെക്കുറിച്ച്‌ മറ്റൊരു രീതിയിലുള്ള അന്വേഷണത്തിന് തടസ്സമായി. ഹൃദയാഘാതം എന്ന് കുടുംബാംഗങ്ങള്‍ തന്നെയാണ് പ്രചരിപ്പിച്ചിരുന്നത്. മൂന്നാമത് മരിച്ചയാളുടെ ശരീരത്തില്‍ സയനേഡ് അകത്ത് ചെന്നിട്ടുണ്ടെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് മരണങ്ങളും ഒരേ രീതിയിലായതിനാല്‍ സയനേഡാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.

നൈട്രജന്‍ സൈനേഡ് ആണ് മരണ കാരണമെന്ന് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. റോയിയുടെ അനിയന്‍ റോജോ നല്‍കിയ പരാതിയിലാണ് പോലീസ് ഈ കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചത്. ആറ് മരണങ്ങള്‍ക്കും സമാനസ്വഭാവമുണ്ടെന്നും അതില്‍ ചില സംശയങ്ങളുണ്ടെന്നും ഈ പരാതിയില്‍ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഈ പരാതിയില്‍ കഴമ്ബുണ്ടെന്ന് മനസിലായതോടെ അന്വേഷണ ചുമതല എസ് പിയുടെ മേല്‍നോട്ടത്തില്‍ ഹരിദാസിനെ ഏല്‍പ്പിക്കുകയായിരുന്നു. 'ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേസ് മുന്നോട്ട് പോകണമെങ്കില്‍ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമേ മുന്നോട്ട് പോകാനാകൂ എന്ന് മനസിലായതോടെയാണ് ഇന്നത്തെ പരിശോധന നടക്കുന്നത്'. ഡിവൈ എസ് പി വ്യക്തമാക്കി.

സംഭവത്തില്‍ അവസാനം മരിച്ച സിലിയുടെയും സിലിയുടെ മകള്‍ അല്‍ഫോണ്‍സയുടെയും മൃതദേഹങ്ങളാണ് ആദ്യം പുറത്തെടുത്തത്. റോയിയുടെ ഭാര്യ ജോളി പിന്നീട് വിവാഹം കഴിച്ചത് സിലിയുടെ ഭര്‍ത്താവിനെയാണ്. അതേസമയം ഒസ്യത്തുമായി ബന്ധപ്പെട്ട ഒരുവിവരവും തല്‍ക്കാലം തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

Related Stories