Top

കെപിസിസി പുനസംഘടന യാഥാര്‍ത്ഥ്യത്തിലേക്ക്; ജംബോ പട്ടികയിലെ പകുതി ഭാരവാഹികളെ മാത്രം പ്രഖ്യാപിക്കും

കെപിസിസി പുനസംഘടന യാഥാര്‍ത്ഥ്യത്തിലേക്ക്; ജംബോ പട്ടികയിലെ പകുതി ഭാരവാഹികളെ മാത്രം പ്രഖ്യാപിക്കും

ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കെപിസിസി പുനസംഘടന യാഥാര്‍ത്ഥ്യമാകുന്നു. ജംബോ ഭാരവാഹി പട്ടികയാണ് തയ്യാറാക്കുന്നതെങ്കിലും ഇത്രയേറെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് ആക്ഷേപത്തിന് കാരണമായേക്കാമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ പകുതി ഭാരവാഹികളെ മാത്രമായിരിക്കും പ്രഖ്യാപിക്കുക.

ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഇക്കുറിയും നടപ്പാകാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. വര്‍ക്കിംഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരെയാകും ആദ്യം പ്രഖ്യാപിക്കുക. സെക്രട്ടറിമാരെ പിന്നീട് മാത്രം പ്രഖ്യാപിക്കും. 30 ജനറല്‍ സെക്രട്ടറിമാരെയും അഞ്ച് വൈസ്പ്രസിഡന്റുമാരെയും ട്രഷററേയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഭാരവാഹികളെ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ ഡല്‍ഹിയിലെത്തി.

നൂറിലേറെ പേരുള്ള ഭാരവാഹി പട്ടികയുമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലെത്തി ചര്‍ച്ചകളില്‍ സജീവമായിട്ടുണ്ട്. ചെന്നിത്തല ഡല്‍ഹിയില്‍ നിന്നും മടങ്ങിയെങ്കിലും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും അവിടെ തന്നെ തുടരുകയാണ്. എഐസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ സി വേണുഗോപാലുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തി. അഞ്ച് വൈസ് പ്രസിഡന്റ് അല്ലെങ്കില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എ-ഐ ഗ്രൂപ്പുകളെക്കൂടാതെ കെ മുരളീധരന്‍, വിഎം സുധീരന്‍ തുടങ്ങിയവര്‍ നിര്‍ദ്ദേശിച്ച പേരുകളും ഭാരവാഹി പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് അറിയുന്നത്. കെപിസിസി നേതൃത്വത്തിലേക്ക് പരിഗണിക്കാവുന്ന യുവാക്കളുടെ പേരുകളും ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

നിലവില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതിന് പകരം വൈസ് പ്രസിഡന്റുമാരെ നിയമിക്കണോയെന്ന കാര്യത്തിലെ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയ കെ വി തോമസിനെ യുഡിഎഫ് കണ്‍വീനറായി പരിഗണിച്ചേക്കും.

കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഐ ഷാനവാസ് എന്നിവരാണ് നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചതിനൊപ്പമാണ് ഇവരെയും നിയോഗിച്ചത്. ഒപ്പം ബെന്നി ബഹനാനെ യുഡിഎഫ് കണ്‍വീനറായും കെ മുരളീധരനെ പ്രചാരക വിഭാഗം തലവനായും നിയമിച്ചു. സുധാകരനും, കൊടിക്കുന്നിലും, മുരളീധരനും ബെന്നി ബെഹനാനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നു. എംഐ ഷാനവാസ് അന്തരിച്ചതിനാല്‍ ഒരു വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

കെപിസിസിയെ നയിക്കാന്‍ ചെറിയ കമ്മിറ്റി മതിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ എ-ഐ വിഭാഗങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ ജംബോ കമ്മിറ്റി രൂപീകരണത്തിന് വഴിയൊരുങ്ങുകയായിരുന്നു.


Next Story

Related Stories