ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് കത്തി നശിച്ചു. പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സാണ് വന മേഖലയിൽ വച്ച് അപകടത്തിൽ പെട്ടത്. യാത്രക്കാരായ തീർത്ഥാടകർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.50 നായിരുന്നു അപകടം സംഭവിച്ചത്.
എഴുപത് യാത്രികരിമായി പമ്പയിലേക്ക് തിരിച്ച പത്തനംതിട്ട ഡിപ്പോയുടെ ലോഫ്ലോർ നോൺ എസി ജൻറം ബസ് ജെഎൻ 551 ബസ്സിന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിൽ വച്ചാണ് തീപ്പിടിച്ചത്. അപകടം ഉണ്ടായ ഉടനെ ബസിന്റെ രണ്ടു വാതിലും തുറക്കാൻ കഴിഞ്ഞുത് വലിയ ദുരന്തം ഒഴിവാക്കി. ബസിന്റെ പിന്നിലെ ടയർ പൊട്ടിത്തെറിക്കുകയും അതിന്റെ ഭാഗം ഡീസൽ ടാങ്കിൽ തട്ടുകയം ചെയ്തതോടെയാണ് തീ പടർന്നത്. അപകടത്തിൽ കുറെ പേരുടെ ഇരുമുടിക്കെട്ടുകളും തോൾ സഞ്ചികളും നഷ്ടപ്പെട്ടു. വാതിലിലൂടെയും വശങ്ങളിലൂടെയും പുറത്തേക്ക് ചാടിയാണ് യാത്രക്കാർ രക്ഷപെട്ടത്. ഇതിൽ വശങ്ങളിലൂടെ ചാടിയവർക്കാണ് നിസാര പരുക്കുപറ്റിയത്.
അപകടം നടന്ന് സ്ഥലത്ത് മൊബൈൽ റേഞ്ച് ഉൾപ്പെടെ ഇല്ലാതിരുന്നത് വിവരം പുറത്തറിയാനും വൈകിപ്പിച്ചു. ഇതോടെ അഗ്നി ശമന സേന ഉൾപ്പെടെ എത്തിയതും ഏറെ വൈകിയാണ്. വനത്തിലേക്കും തീപടർന്നു. ഇതേ തുടർന്ന് പമ്പ-നിലയ്ക്കൽ റൂട്ടിൽ ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി.