TopTop
Begin typing your search above and press return to search.

ഡല്‍ഹി കോടതി സംഘര്‍ഷം - വനിതാ പൊലീസുകാരിയെ അഭിഭാഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി കോടതി സംഘര്‍ഷം - വനിതാ പൊലീസുകാരിയെ അഭിഭാഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തന്നെ ആക്രമിച്ചെന്നും തോത്ത് തട്ടിയിട്ടെന്നും ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തത് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഐപിഎസുകാരിയും മറ്റ് നാല് പൊലീസുകാരും ചേര്‍ന്ന് അക്രമം നടത്തുന്ന അഭിഭാഷകരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായി കാണാം. അഭിഭാഷകര്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റേയും മുറിയ്ക്കകത്ത് ഇരച്ചുകയറി പൊലീസുകാരെ വളഞ്ഞിട്ട് തല്ലുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തന്നെ കടന്നുപിടിച്ചതായി മര്‍ദ്ദിച്ചതായും ഐപിഎസ് ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു.

ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം പൊലീസുകാര്‍ സംഘടിപ്പിച്ച 11 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വസ്തുതാന്വേഷണ കമ്മിറ്റി ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളെ സംരക്ഷിച്ചില്ല എന്ന പരാതി ജൂനിയര്‍ പൊലീസുകാര്‍ക്കുണ്ട് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാഡത്തെ (ആക്രമിക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥ) സംരക്ഷിക്കുന്നതിനിടെ എന്നെ അവര്‍ തല്ലി - ഒരു പൊലീസുകാരന്‍ പറഞ്ഞു. ഇരുമ്പ് വടി കൊണ്ടും ചങ്ങല കൊണ്ടും തങ്ങളെ അഭിഭാഷകര്‍ മര്‍ദ്ദിച്ചതായി പൊലീസുകാര്‍ പറയുന്നു. മാഡത്തിന്റെ നിറച്ച തോക്ക് പോയി. മാഡത്തെ അവര്‍ തള്ളി. കക്ഷത്തും കോളറിലും പിടിച്ചുവലിച്ചു. മാഡം കരഞ്ഞു - പൊലീസുകാര്‍ പറയുന്നു. അതേസമയം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയ്ക്ക് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കത്ത് നല്‍കി.

30 പേര്‍ക്കാണ് ശനിയാഴ്ച തീസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റത്. അഭിഭാഷകന്‍ കാര്‍ പാര്‍ക്ക് ചെയ്തത് പൊലീസുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് വ്യാപക അക്രമത്തിലേയ്ക്ക് നയിച്ചത്. പൊലീസുകാരുടെ അസാധാരണ പ്രതിഷേധത്തിന് പിന്നാലെ അഭിഭാഷകര്‍ കോടതികളുടെ ഗേറ്റുകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. ഒരു അഭിഭാഷകന് വെടിവയ്പിൽ പരിക്കേറ്റിരുന്നു.

Next Story

Related Stories