TopTop
Begin typing your search above and press return to search.

അസ്വസ്ഥത, തലചുറ്റല്‍, പുറംവേദന; ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെ‍ഡിക്കൽ‌ റിപ്പോർട്ട്

അസ്വസ്ഥത, തലചുറ്റല്‍, പുറംവേദന; ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെ‍ഡിക്കൽ‌ റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാഹചര്യവും ആരോഗ്യ നില സംബന്ധിച്ചും അദ്ദേഹം ചികില്‍സയില്‍ കഴിയുന്ന പിആര്‍എസ് ഹോസ്പിറ്റല്‍ പുറത്തിറത്തിയ റിപ്പോര്‍ട്ടില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

വെള്ളിയാഴ്ച വൈകീട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് മുതലുള്ള ആരോഗ്യ നിലയെ കുറിച്ചാണ് റിപ്പോര്‍ട്ട് പറയുന്നത്. അസ്വസ്ഥത, തലചുറ്റല്‍, പുറംവേദ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. ഈ സമയം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമായിരുന്നു രേഖപ്പെടുത്തിയത്. ഇസിജിയിവും ചെറിയ വ്യതിയാനം ശ്രദ്ധയില്‍ പെട്ടതോടെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സിടി, എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനാക്കിയ ശിവശങ്കറിന് നട്ടെല്ലിലെ ഡിസ്‌കില്‍ ചെറിയ തകരാര്‍ കണ്ടെത്തി. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും നില തൃ്പ്തികരമായിരുന്നു. നിലവില്‍ രക്ത സമ്മര്‍ദവും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. വിശദമായ പരിശോധന വേണമെന്നും മെഡിക്കല്‍ സംഘം പറയുന്നുണ്ട്.



അതേസമയം, ശിവശങ്കറിനെ അറസ്റ്റു ചെയ്യാനൊരുങ്ങിയാണ് കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. ചോദ്യം ചെയ്യലിനുള്ള സമന്‍സ് നല്‍കി കാറില്‍ കയറ്റി സെക്രട്ടേറിയറ്റിനടുത്തുള്ള പ്രിവന്റീവ് ഡിവിഷന്‍ ഓഫിസിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിനു ദേഹാസ്വാസ്ഥ്യമുണ്ടാവുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

വെള്ളിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു കസ്റ്റംസ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടതി അവധിയായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ശിവശങ്കറിനു ജയിലില്‍ കഴിയേണ്ടിയും വരുമായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമാണ് ഹൈക്കോടതി അറസ്റ്റു തടഞ്ഞിരിക്കുന്നത് എന്നതിനാല്‍ നടപടിയ്ക്കും തടസമില്ലായിരുന്നു.


Next Story

Related Stories