TopTop
Begin typing your search above and press return to search.

സ്വരാജ് ശാഖയില്‍ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍; ചാണകക്കുഴിയില്‍ വീണിട്ടില്ലെന്ന് എംഎല്‍എ

സ്വരാജ് ശാഖയില്‍ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍; ചാണകക്കുഴിയില്‍ വീണിട്ടില്ലെന്ന് എംഎല്‍എ

നിലമ്പൂരില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് നടക്കുന്ന ആര്‍എസ്എസ് ശാഖയില്‍ സിപിഎം നേതാവ് എം സ്വരാജ് പോയിട്ടുണ്ടെന്നാണ് ബിജെപിയുടെ സന്ദീപ് വാര്യര്‍ ആരോപിച്ചത്. മനോരമാ ന്യൂസ് ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലായിരുന്നു ഈ ആരോപണം. തന്നോട് ഇപ്പോള്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ നിലമ്പൂരില്‍ നിന്ന് വിളിച്ചു പറഞ്ഞതാണ് ഇതെന്നും വാര്യര്‍ പറഞ്ഞു. തന്റെ നാട്ടില്‍ ഉപ്പുകുളം എന്നൊരു സ്ഥലമില്ലെന്ന വസ്തുത സ്വരാജ് ആദ്യം ബോധിപ്പിച്ചു. ഇനി അങ്ങനെയൊരു കുളമുണ്ടെങ്കിലും ഇല്ലെങ്കിലും തനിക്ക് ചാണകക്കുഴിയില്‍ വീഴേണ്ട അവസ്ഥ ഇതുവരെ വന്നിട്ടില്ലെന്ന് സ്വരാജ് വ്യക്തമാക്കി.

തങ്ങള്‍ കേരളത്തിലെ രണ്ട് ആദിവാസി മേഖലകളില്‍ ആശുപത്രികള്‍ നടത്തുന്നുണ്ടെന്ന അവകാശവാദവും സന്ദീപ് വാര്യര്‍ ഉന്നയിച്ചു. കേരളത്തില്‍ എവിടെപ്പോയാലും സിപിഎം നടത്തുന്ന കോഓപ്പറേറ്റീവ് ആശുപത്രികള്‍ കാണാമെന്ന് സ്വരാജിന്റെ മറുപടി. ബിജെപി ചെയ്യേണ്ടത് തങ്ങള്‍ അധികാരത്തിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ നടത്തുകയാണ്. അങ്ങനെ ചെയ്താല്‍ ജാതിയില്‍ താണവരെ ആര്‍എസ്എസ്സുകാര്‍ തീക്കൊളുത്തുമ്പോള്‍ ജീവനോടെ അവശേഷിച്ചാല്‍ ചികിത്സ നല്‍കാന്‍ ഉപകാരപ്പെടും.

മഹാത്മാഗാന്ധി ആര്‍എസ്എസ്സിന്റെ ധ്വജമുയര്‍ത്തിയെന്ന സന്ദീപ് വാര്യരുടെ വാദത്തെയും സ്വരാജ് ഖണ്ഡിച്ചു. അങ്ങനെ ധ്വജമുയര്‍ത്തിയതിന്റെ നന്ദി സൂചകമായിട്ടായിരിക്കാം ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നതെന്നും സ്വരാജ് പരിഹസിച്ചു. പത്തെഴുപത് കൊല്ലം കഴിഞ്ഞിട്ടും അവര്‍ക്ക് കലി തീര്‍ന്നിട്ടില്ല. ബിജെപിയുടെ എംപി തന്നെ ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിലേക്ക് വെടി വെക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് സമീപനമാണെന്ന ആരോപണവും സ്വരാജ് ചര്‍ച്ചയില്‍ ഉന്നയിച്ചു. ടി സിദ്ധീക്കിനു വേണ്ടി മുദ്രാവാക്യവുമായി ഇറങ്ങിയ കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അന്ന് മുദ്രാവാക്യം വിളിച്ചത് ചെന്നിത്തല ആര്‍എസ്എസ്സിലേക്ക് മടങ്ങിപ്പോകുക എന്നായിരുന്നുവെന്ന് സ്വരാജ് പറഞ്ഞു. രാത്രി ആര്‍എസ്എസ്സും പകല്‍ കോണ്‍ഗ്രസ്സുമായി നടക്കുന്ന ചിലരുണ്ടെന്ന് കോണ്‍ഗ്രസ്സിന്റെ തന്നെ സമുന്നതനായ നേതാവ് എകെ ആന്റണിയാണ് ആരോപിച്ചതെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. ആരൊക്കെയാണ് ആ നേതാക്കളെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രതിനിധി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories