മാവോയിസ്റ്റുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം കുറ്റപ്പെടുത്തി.
മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ചു കൊല്ലുന്നതെന്നാണ് കാനം വിമര്‍ശനം ഉയര്‍ത്തിയത്. വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസിലായിട്ടുണ്ട്. മരിച്ച വേല്‍മുരുഗന്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിനു തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പൊലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണ്. സംഭവത്തില്‍ മജിസ്റ്റീരിയില്‍ അന്വേഷണം വേണം. എന്നാല്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തില്‍ ഒരു റിപ്പോര്‍ട്ടും പുറത്ത് വരുന്നില്ല എന്നത് മറ്റൊരു കാര്യമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവച്ചു കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ല. മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിന്നും തണ്ടര്‍ബോള്‍ട്ട് പിന്മാറണമെന്നും കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു.