എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും പോറ്റിവളര്‍ത്താന്‍ കൊണ്ടുപോയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെകെ ശൈലജ അന്വേഷണ റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുട്ടിയെ വിട്ടു കൊടുത്ത എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും. സംഭവത്തില്‍ കുറ്റക്കാരയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു. 2016ലാണ് മാതാപിതാക്കള്‍ മരിച്ച പതിനാലുകാരിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍നിന്നും അറുപതുകാരനായ കണ്ണൂര്‍ സ്വദേശി സി.ജി ശശികുമാര്‍ തെറ്റായ വിവരങ്ങള്‍ നല്കി പോറ്റി വളര്‍ത്താന്‍ കൊണ്ടുപോയത്. എന്നാല്‍ കുട്ടിയെ പീഡിപ്പിച്ച വിവരം അടുത്തിടെ സഹോദരിയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ശശികുമാറിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്കി കബളിപ്പിച്ചയാള്‍ക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് പെണ്‍കുട്ടിയെ കൈമാറിയതെന്നും ആരോപണമുയര്‍ന്നതോടെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.
നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യം മറച്ചുവെച്ചും വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് ശശികുമാര്‍ ശിശുക്ഷേമസമിതിയെ സമീപിച്ച് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോയത്. എന്നാല്‍ 2017ല്‍ കുട്ടിയെ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം കഴിഞ്ഞമാസം സഹോദരി വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് എല്ലാവരും അറിഞ്ഞത്. കൗണ്‍സിലിംഗിനിടെയാണ് ഈ കുട്ടി പീഡനവിവരം പറഞ്ഞത്. ആ വീട്ടിലേക്ക് വെക്കേഷനു ചെന്നപ്പോള്‍ തന്നെയും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കുട്ടി മൊഴി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. ശശികുമാറിനൊപ്പം പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യയും പൊലീസിന്റെ പിടിയിലായി.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളര്‍ത്താന്‍ നല്കുന്ന സര്‍ക്കാര്‍ പദ്ധതി. ഇങ്ങനെ നല്കുമ്പോള് കുട്ടിയെ വളര്‍ത്താന്‍ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവിടെ അത്തരം അന്വേഷണമൊന്നും നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. നാടക പ്രവര്‍ത്തകനായിരുന്ന ഇരിട്ടി സ്വദേശിയായ ശശികുമാര്‍ വിമുക്ത ഭടന് എന്ന് കള്ളം പറഞ്ഞാണ് കൂത്തുപറമ്പിനടുത്തുള്ള കണ്ടംകുന്നില്‍ എട്ടുവര്‍ഷം മുമ്പ് താമസം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കല്യാണം കഴിച്ചത് മറച്ചുവച്ചാണ് ഇയാള്‍ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യത്തെ ബന്ധത്തില്‍ കുട്ടികള്‍ ഉള്ള കാര്യവും ഇയാള്‍ മറച്ചുവച്ചു. ഭാര്യയെയും കുട്ടിയെയും ഇയാള്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. 2012-14 കാലയളവില്‍ എറണാകുളത്തുനിന്നും കോഴിക്കോട്ടുനിന്നും ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികളെ ഇയാള്‍ സ്വീകരിച്ചിരുന്നു. 2017ലെ സംഭവത്തിനുശേഷവും ഇയാള്‍ പെണ്‍കുട്ടിയെ പോറ്റി വളര്‍ത്താന്‍ താല്പര്യമുണ്ടെന്ന് കാട്ടി ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും സമിതി കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നാണ് ആക്ഷേപം.