തൃശൂരില്‍ കാണാതായ പമ്ബുടമ മനോഹരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി കൈപ്പമംഗലത്ത് നിന്നാണ് മനോഹരനെ കാണാതായത്. ഇന്ന് രാവിലെയാണ് ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിന്റെ മുന്‍വശത്ത് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ ഗുരുവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കയ്പ്പമംഗലം സ്വദേശി മനോഹരന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.
ഇന്നലെ രാത്രി 12.50ന് പെട്രോള്‍ പമ്ബിലെ ജോലികള്‍ തീര്‍ത്ത് മനോഹരന് കാറില്‍ പോകുന്നത് പമ്ബിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകള്‍ ഫോണില്‍ അച്ഛനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തയാള്‍ അച്ഛന് ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഉടനെ മകള്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
മൃതദേഹത്തിന്റെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലാണ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനോഹരന്റെ കാറും കാണാനില്ല. കാറില്‍ പണമുണ്ടായിരുന്നെന്നും പോലീസ് സംശയിക്കുന്നുണ്ട്. മനോഹരന്റെ മാലയും വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ തൃശൂര്‍ ആമ്ബല്ലൂരില്‍ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുക്കാനും ശ്രമമുണ്ടായി. പുതുക്കാടിലേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമണം നടത്തിയത്. കാര്‍ പോലീസ് പിന്തുടര്ന്ന് പിടിച്ചെടുത്തു. ആക്രമികള്‍ ഓടിരക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്.