Top

മാധ്യമപ്രവർത്തകയുടെ വീട്ടിൽ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അതിക്രമിച്ച് കയറി ആക്രമണം നടത്തിയതായി പരാതി

മാധ്യമപ്രവർത്തകയുടെ വീട്ടിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്  സെക്രട്ടറി അതിക്രമിച്ച് കയറി ആക്രമണം നടത്തിയതായി പരാതി

വീട്ടില്‍ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി. പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെയാണ് മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകിയത്. . ശനിയാഴ്ച രാത്രിയാണ് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി ഇവരുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ രാധാകൃഷ്ണന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്. പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറയുന്നത്.

ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. പരാതിക്കാരിയെ കാണാന്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ഈ ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച് തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന പരാതിക്കാരി പറയുന്നു. തുടർന്ന് തന്നെയും മക്കളേയും രാധാകൃഷ്ണന്‍ റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ഇവർ ആരോപിച്ചു. . ഭര്‍ത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും, നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്‌നം ഒതുക്കിതീര്‍ക്കാം എന്നും രാധാകൃഷ്ണന്‍ പറഞ്ഞെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ഇതിനിടയിൽ രാധാകൃഷ്ണനും സംഘവും ഇവരുടെ സുഹൃത്തിനെ തല്ലുകയും ചെയ്തു.


പരാതിക്കാരി തനിക്കുണ്ടായ അനുഭവം ഇങ്ങനെ വിവരിച്ചു:

"രാത്രി വീടിന്റെ വാതിലില്‍ മുട്ടുകേട്ട് ഞാന്‍ വാതില്‍ തുറന്നു നോക്കി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കുറച്ചുപേര്‍ അപ്പോള്‍ വെളിയിലുണ്ടായരുന്നു. കുറച്ചു മുമ്പ് വീട്ടില്‍ നിന്നും പോയ എന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്താണ് കാര്യം എന്നന്വേഷിച്ചപ്പോള്‍, ഈ പുളളി എപ്പോഴും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇവിടെ എത്തിയിരുന്നത് എന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. ഇതും പറഞ്ഞ് വീട്ടിലേക്ക് അവര്‍ എന്റെ സുഹൃത്തിനേയും കൊണ്ട് തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ തല്ലുകയും എന്നേയും മക്കളേയും റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇത് മനപൂര്‍വ്വം പദ്ധതിയിട്ടുകൊണ്ട് തന്നെ രാധാകൃഷ്ണന്‍ ചെയ്തതാണ്. കെഡബ്ല്യൂജെയുടെ ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നേരത്തെ ഇയാള്‍ക്കെന്നോട് വിദ്വേഷം ഉണ്ടായിരുന്നു."

ഈ സംഭവം പദ്ധതിയിട്ട് നടപ്പിലാക്കിയതാണെന്നതിനുള്ള മറ്റൊരു തെളിവ് പരാതിക്കാരിയുടെ ഭര്‍ത്താവിന് ലഭിച്ചിട്ടുണ്ട്. രാധാകൃഷ്ണനോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഭര്‍ത്താവിനോട് പറഞ്ഞത്, എന്തിനാണ് പോകുന്നതെന്ന് പറയാതെയാണ് രാധാകൃഷ്ണന്‍ അയാളെ സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത് എന്നാണ്. കൂടാതെ ഈ ആണ്‍ സുഹൃത്ത് വീട്ടില്‍ വരുമ്പോള്‍ അറിയിക്കാനായി ചിലരോട് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടതായി അറിയാമെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് അഴിമുഖത്തോട് പറഞ്ഞു. തനിക്കെതിരെ ആക്രമണം നടത്തിയ പ്രസ്ക്ലബ് സെക്രട്ടറിക്കെതികരെ തിരുവനന്തപുരം പേട്ട പൊലീസിലാണ് പരാതി നൽകിയത്. പരാതിക്കാരിയുടെ വീട്ടിൽ പോയ കാര്യം പ്രസ്ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ അഴിമുഖത്തോട് സമ്മതിച്ചു. എന്നാൽ സമീപത്ത് താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താൻ അവിടെ എത്തിയതെന്നാണ് അദ്ദേഹത്തിൻറെ വിശദീകരണം



Next Story

Related Stories