TopTop

അയോധ്യയിലെ പള്ളിക്ക് കലാമിന്റെ പേര് നൽകണം: വിഎച്ച്പി

അയോധ്യയിലെ പള്ളിക്ക് കലാമിന്റെ പേര് നൽകണം: വിഎച്ച്പി

അയോധ്യയിൽ നിർമ്മിക്കുന്ന പുതിയ പള്ളിക്ക് അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ പേര് നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. അഞ്ചേക്കറിൽ നിർമ്മിക്കുന്ന പള്ളിക്ക് ബാബറുടെ പേര് നൽകരുതെന്നാണ് വിഎച്ച്പിയുടെ നിലപാട് ഇതിന് സമവായമെന്ന നിലയിലാണ് സംഘടന അബ്ദുൾ കലാം ഉൾപ്പെടെയുള്ളവരുടെ പേര് നിർദേശിക്കുന്നതും. അയോധ്യ ട്രസ്റ്റ് രൂപീകരണം വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കാനും വിഎച്ച് പി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.

രാമനവമിക്ക് അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം തുടങ്ങാന്‍ അയോധ്യ ട്രസ്റ്റ് രൂപീകരണം വേഗത്തിലാക്കണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം. നിർദിഷ്ട ട്രസ്റ്റിൽ ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ പങ്കാളിയാവണമെന്നും സംഘടന ആവശ്യപ്പെടുന്നതായി വിഎച്ച്പി വക്താവ് ശരത് ശർമയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയായിരുന്നു പള്ളിയുടെ പേരിനെ കുറിച്ചുള്ള പരാമർശം.

'ബാബർ‌ വിദേശത്ത് നിന്നെത്തിയ അക്രമിയായ ഭരണാധികാരിയാണ്. പുതിയ പള്ളിക്ക് അദ്ദേഹത്തിന്റെ പേര് നൽകരുത്. ഇക്കാര്യം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. ഇന്ത്യയിൽ തന്നെ നിരവധി നല്ല മുസ്ലിംങ്ങളുണ്ട്. വീർ‌ അബ്ദുൾ ഹാമിദ്, അഷ്ഫഖുള്ള ഖാൻ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം. രാജ്യത്തെ സമാധാനത്തിനും വികസനത്തിനും അവർ നൽകിയ പങ്ക് വളരെ വലുതാണ്. പുതിയ പള്ളി ഇവരിൽ ഒരാളുടെ പേരിലായിരിക്കണം.' വിഎച്ച്പി വക്താവ് പറയുന്നു

അതേസമയം, പള്ളിയുടെ പേര് ഒരു തരത്തിലും പ്രാധാന്യം അർ‌ഹിക്കുന്നില്ലെന്ന് ബാബറി കേസിൽ കക്ഷിയായിരുന്ന ഇഖ്ബാൽ അൻസാരി പറയുന്നു. സുപ്രീം കോടതി മുന്നോട്ട് വച്ച 5 ഏക്കർ ഭൂമി സ്വീകരിക്കണമോ എന്നതാണ് പ്രധാനം. ഭൂമി ഇതുവരെ ഏറ്റെടുക്കാൻ തീരമാനമായിട്ടില്ല. ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും. എന്നാൽ ഇനിയും ഹിന്ദുക്കളോടൊപ്പം യാതൊരു കുഴപ്പവുമില്ലാതെ അന്തസ്സോടെ ജീവിക്കുമെന്ന് തനിക്ക് തീർച്ചയായും ഉറപ്പ് നൽകാൻ കഴിയും. രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കാൻ ഞങ്ങൾ അനുവദിക്കില്ല, "അൻസാരി പറഞ്ഞു.

സുപ്രീം കോടതി വിധി പ്രകാരം മസ്ജിദ് നിർമിക്കാൻ അയോധ്യയിൽ നാലിടങ്ങൾ പരിഗണിക്കുന്നതായി ജില്ലാ മജിസ്ട്രേട്ട് അനുജ് ഝാ പറയുന്നു. എന്നാൽ ഇവ എവിടെയാണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories