TopTop

സത്യജിത്ത് റേയെ 'ഫ്രെയിമി'ലാക്കിയ നെമായ് ഘോഷിന് വിട

സത്യജിത്ത് റേയെ

വിഖ്യാത സംവിധായകൻ സത്യജിത്ത് റേയുടെ ഫോട്ടോബയോഗ്രാഫർ എന്ന നിലയിൽ ശ്രദ്ധേയനായ പ്രശസ്ത ഫോട്ടോഗ്രാഫർ നെമായ് ഘോഷ് അന്തരിച്ചു. കൊല്‍ക്കത്തയിലാണ് അന്ത്യം. 86 വയസ്സായിരുന്നു. വാര്‍ദ്ധത്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടുകാലം സത്യജിത്ത് റേയേയും അദ്ദേഹത്തിന്റെ സിനിമാചിത്രീകരണങ്ങളേയും പിന്തുടര്‍ന്ന് ക്യാമറയില്‍ പകര്‍ത്തിയിരുന്നു നെമായ് ഘോഷ്. ബംഗാളിലെ തീയറ്റര്‍, മറ്റ് ഇന്ത്യന്‍ കലാപ്രവര്‍ത്തകര്‍, ആദിവാസികള്‍, ജന്മനഗരമായ കൊല്‍ക്കത്ത - ഇവയെല്ലാം നെമായ് ഘോഷിന്റെ ലെന്‍സുകള്‍ സവിശേഷമായി പകര്‍ത്തി. 1969ല്‍ സത്യജിത്ത് റേ ഗൂപി ജിനെ ബാഗ ബൈനെ എന്ന സിനിമ ബര്‍ദ്വാനില്‍ ചിത്രീകരിക്കവേയാണ് നെമായ് ഘോഷിന് ഫോട്ടോഗ്രഫി പ്രൊഫഷനാക്കണമെന്ന് തോന്നിത്തുടങ്ങിയത്. സുഹൃത്തില്‍ നിന്ന് വാങ്ങിയ സെക്കന്റ് ഹാന്‍ഡ് ക്യാമറയിലാണ് റേ സിനിമയുടെ ഷൂട്ടിംഗ് മുഹൂര്‍ത്തങ്ങള്‍ നെമായ് ഘോഷ് പകര്‍ത്തിയത്. നെമായ് ഘോഷിന്റെ ഫോട്ടോകള്‍ സത്യജിത്ത് റേയ്ക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ എങ്ങനെ ചെയ്യുമായിരുന്നോ അത് തന്നെയാണ് നിങ്ങള്‍ പകര്‍ത്തിയത്. നിങ്ങളുടെ ആംഗിള്‍ എന്റേത് പോലെ തന്നെ എന്ന് സത്യജിത്ത് റേ തന്നോട് പറഞ്ഞിരുന്നതായി 2019ല്‍ നാഷണല്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ നെമായ് ഘോഷ് പറഞ്ഞിരുന്നു.

സത്യജിത്ത് റേ തന്റെ ഷൂട്ടിംഗ് സെറ്റിലേയക്ക് നെമായ് ഘോഷിനെ ക്ഷണിച്ചിരുന്നു. റേയുടെ അവസാന സിനിമയായ അഗാന്‍തുക്ക് (1990) വരെ ഈ ബന്ധവും സഹകരണവും തുടര്‍ന്നു. റേയും അദ്ദേഹത്തിന്റെ സിനിമകളുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലേറെ ഫോട്ടോകള്‍ നെമായ് ഘോഷ് പകര്‍ത്തിയിരുന്നു. റേയുടെ സിനിമകള്‍ക്ക് പുറമെ ഋത്വിക് ഘട്ടക്കിന്റെ അവസാന സിനിമയായ ജുക്തി താക്കോ ഓര്‍ ഗാപ്പോ (1974), മൃണാള്‍ സെന്നിന്റെ ഇന്റര്‍വ്യൂ (1970), ഏക് അധൂരീ കഹാനി (1971), കല്‍ക്കട്ട 71 (1972), ഗൗതം ഘോഷിന്റെ പാര്‍ (1984), എം എസ് സത്യുവിന്റെ ഇജ്ജോദു (2010) എന്നിവയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.ശ്രദ്ധയോടെ മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളൂ എന്ന് നെമായ് ഘോഷ് പറഞ്ഞിരുന്നു. വര്‍ക്ക് ചെയ്യാന്‍ സമ്മതിക്കുന്നതിന് മുമ്പ് സിനിമകളുടെ സ്‌ക്രിപ്റ്റ് മുഴുവനായി വായിക്കും. റേ എന്നെ എത്തിച്ച ഉന്നത നിലവാരം നിലനിര്‍ത്താന്‍ വേണ്ടിയാണിത് എന്ന് ഘോഷ് പറഞ്ഞിരുന്നു. തീയറ്ററില്‍ (നാടകം) അതീവ തല്‍പരനായിരുന്ന നെമായ് ഘോഷ് ബംഗാളി നാടകവേദിയേയും അതിലെ അതുല്യപ്രതിഭകളായ ഉത്പല്‍ ദത്ത്, ബാദല്‍ സര്‍ക്കാര്‍, തൃപ്തി മിത്ര, ശംഭു മിത്ര തുടങ്ങിയവരുടെയെല്ലാം അപൂര്‍വനിമിഷങ്ങള്‍ പകര്‍ത്തി. Moments: Photographs and Memories of Calcutta Theatre from the Sixties to the Nineties (2000) എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ നെമായ് ഘോഷ് പറയുന്നുണ്ട്. നിരവധി ഇന്ത്യന്‍ പെയിന്റേഴ്‌സിനേയും ശില്‍പ്പികളേയും മറ്റ് കലാപ്രവര്‍ത്തകരേയും നെമായ് ഘോഷിന്റെ ക്യാമറ അവിസ്മരണിയ ചിത്രങ്ങളായി പകര്‍ത്തി. ജാമിനി റോയ്, രാം കിങ്കര്‍ ബെയ്ജ്, ബിനോദ് ബിഹാരി മുഖര്‍ജി തുടങ്ങിയവരെയൊക്ക. ഇതില്‍ ചില ഫോട്ടോകള്‍ 2007ല്‍ പുറത്തിറങ്ങിയ Faces of Indian Art: Through the Lens of Nemai Ghosh എന്ന പുസ്തകത്തിലുണ്ട്. ഛത്തീസ്ഗഡിലെ ബസ്തര്‍ മുതല്‍ ഗുജറാത്തിലെ കച്ചില്‍ വരെയുള്ള സാധാരണക്കാരെ, ആദിവാസികളെ എല്ലാം നെമായ് ഘോഷ് നിരന്തരം പകര്‍ത്തിക്കൊണ്ടിരുന്നു.

നെമായ് ഘോഷുമായി 2016ൽ രാജ്യസഭ ടിവി നടത്തിയ അഭിമുഖം:


Next Story

Related Stories