TopTop
Begin typing your search above and press return to search.

'മന്ത്രിസഭയിലടക്കം ഭീകരവാദികളുമായി ബന്ധമുള്ളവര്‍', അല്‍ ഖ്വയ്ദ അറസ്റ്റില്‍ സര്‍ക്കാറിനെതിരെ ബിജെപി

മന്ത്രിസഭയിലടക്കം ഭീകരവാദികളുമായി ബന്ധമുള്ളവര്‍, അല്‍ ഖ്വയ്ദ അറസ്റ്റില്‍ സര്‍ക്കാറിനെതിരെ ബിജെപി

എറണാകുളത്ത് ദേശീയ അന്വേഷണ ഏജന്‍സി മൂന്ന് അല്‍ഖ്വയിദ ഭീകരരെ പിടികൂടിയ സംഭവത്തില്‍ സര്‍ക്കാരിനെ ആക്രമിച്ച് ബിജെപി. കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന് തെളിയിക്കുന്നതാണ് എറണാകുളത്തെ അറസ്റ്റെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ മൃദുസമീപനമാണ് സംസ്ഥാനത്ത് ഭീകരവാദം ശക്തമാക്കിയതെന്നും അദ്ദേഹം ആരോപിച്ച്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.

മന്ത്രിസഭയിലടക്കം ഭീകരവാദികളുമായി ബന്ധമുള്ളവരുള്ള സര്‍ക്കാരിന് ഭീകരവാദത്തെ സഹായിക്കുന്ന നിലപാടാണുള്ളത്. മുന്‍ സിമി പ്രവര്‍ത്തകനായ ജലീലിന് അവരുമായി ഇപ്പോഴും അവരുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാവുന്ന കാര്യങ്ങളാണ് പുറത്തുവരുന്നെത്. ഭീകരവാദസാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പുകള്‍ സംസ്ഥാനം നിരന്തരം അവഗണിക്കുന്നെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനം ഐ.എസ്.ഐ.എസിന്റെ ശക്തമായ കേന്ദ്രമാണെന്ന ഐക്യരാഷ്ട്രസഭയുടെ ഒരു മാസം മുമ്പത്തെ റിപ്പോര്‍ട്ടും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. പൊലീസ് സേനയില്‍ തീവ്രവാദികളെ സഹായിക്കാനായി പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വോഡ് നിര്‍ജ്ജീവമാണെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

പൊലീസ് ആസ്ഥാനത്ത് നിന്നും തീവ്രവാദസംഘടനകള്‍ക്ക് ഇ-മെയില്‍ ചോര്‍ത്തിയതിന് സസ്‌പെന്‍ഷനിലായ അത്തരം സംഘടനകളുമായി ബന്ധമുള്ള എസ്.ഐയെ ഈ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുകയാണ് ചെയ്തത്. എലത്തൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വിവരങ്ങള്‍ കൈമാറിയ പൊലീസുകാര്‍ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ല. പനായിക്കുളം തീവ്രവാദ കേസും വാഗമണ്‍ സിമി ക്യാമ്പും നാറാത്ത് ഭീകരവാദ ട്രെയിനിംഗും കനകമല ഐ.എസ് ക്യാമ്പും കണ്ടുപിടിക്കാന്‍ സംസ്ഥാന പൊലീസിന് കഴിയാതിരുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം ഉള്ളതിനാലാണ്. എന്‍.ഐ.എ തകര്‍ത്ത കനകമല ഐ,എസ് ക്യാമ്പ് സി.പി.എം പാര്‍ട്ടി ഗ്രാമത്തിലായിരുന്നെന്നും സുരേന്ദ്രന്‍ ചുണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്കെതിരെ സി.പി.എം ഖുറാന്‍ വിഷയം ഉയര്‍ത്തുന്നത് മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടിയ ഇടതുപക്ഷം മുസ്ലിംങ്ങള്‍ക്ക് പോലും താത്പര്യമില്ലാത്ത വിഷയത്തില്‍ അവരെ പ്രീണിപ്പിക്കുകയാണ്. ഈ ഇരട്ടത്താപ്പ് മലയാളികള്‍ തിരിച്ചറിയും. മുസ്ലിങ്ങള്‍ സംസ്ഥാനത്ത് അരക്ഷിതരാണെന്നും രണ്ടാംകിട പൗരന്‍മാരാണെന്നും പ്രചരിപ്പിക്കുകയാണ് സി.പി.എം. ഇത് മതഭീകരര്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സ്വര്‍ണ്ണക്കള്ളക്കടത്തിന് സഹായിച്ച ജലീലും അതിന് ഒത്താശ ചെയ്ത പിണറായി സര്‍ക്കാരും രാജിവെക്കും വരെ പാര്‍ട്ടി സമരം തുടരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories