ലോക വ്യാപാര സംഘടനാ (ഡബ്ല്യുടിഒ) മേധാവിയായി നൈജീരിയ മുന്‍ ധനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞയുമായി എന്‍ഗോസി ഒകോന്‍ജോ ഇവാലയെ തെരഞ്ഞെടുത്തു. ഡബ്ല്യുടിഒയുടെ ആദ്യ വനിത, ആഫ്രിക്കന്‍ മേധാവിയെന്ന ഖ്യാതിയും 66 കാരിയായ എന്ഗോസിക്ക് സ്വന്തമായി.
ദക്ഷിണ കൊറിയന്‍ പ്രതിനിധി പിന്മാറിയതോടെ 164 അംഗങ്ങള്‍ ഏകകണ്ഠമായാണ് എന്‍ഗോസിയെ തെരഞ്ഞെടുത്തത്. മാര്‍ച്ച് ഒന്നിനാണ് എന്‍ഗോസി ചുമതലയേല്‍ക്കുക. നാല് വര്‍ഷമാണ് കാലാവധി. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ നാളുകള്‍ കഴിയുംമുമ്പേയാണ് 220 മില്യണ്‍ ഡോളറിന്റെ ബജറ്റും 650ഓളം ജീവനക്കാരുമുള്ള സംഘടനയുടെ നേതൃത്വത്തിലേക്ക് എന്‍ഗോസി എത്തുന്നത്.കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എന്‍ഗോസിയെ ഉദ്ധരിച്ച് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡിനെ ചെറുക്കാന്‍ ഡബ്ല്യുടിഒ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ അംഗങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. വാക്സിന് ഉള്‍പ്പെടെ അവശ്യ മരുന്നുകളുടെ വിതരണത്തിന് അത് അനിവാര്യമാണ്. എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ല. കൊറോണ വൈറസിന് വകഭേദങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒരു രാജ്യത്തിനൊപ്പം മറ്റു രാജ്യങ്ങളിലും കൂടി വാക്സിനേഷന് നടപ്പാക്കിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും എന്‍ഗോസി പറഞ്ഞു.
രണ്ട് തവണ നൈജീരിയയുടെ ധനമന്ത്രി പദം വഹിച്ച എന്‍ഗോസി, രാജ്യത്തിന്റെ കടം കുറയ്ക്കാന്‍ നടത്തിയ പരിശ്രമങ്ങളിലൂടെ പ്രശസ്തയാണ്. ലോകബാങ്കിന്റെ ദരിദ്ര രാജ്യങ്ങള്‍ക്കുള്ള വായ്പയില്‍നിന്നും സാമ്പത്തിക സഹായങ്ങളില്നിന്നുമൊക്കെ അര്‍ഹമായ വിഹിതം നൈജീരിയക്കായി നേടിയെടുക്കാന്‍ എന്‍ഗോസിയുടെ ശ്രമങ്ങള്‍ സഹായകമായി.