എന്‍എസ്എസിന്റെ ശരിദൂരം; സമുദായാംഗങ്ങള്‍ അംഗീകരിക്കില്ലെന്ന് കോടിയേരി, പ്രതികരിക്കാതെ ശ്രീധരന് പിള്ള

ശരിദൂരം എന്ന ഓമനപ്പേരിട്ട് പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുകുമാരന്‍ നായര്‍ വീണ്ടും ശബരിമല വിഷയം ഉയര്‍ത്തുന്നത്. സമദൂരത്തിനിടയിലും അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്നായിരുന്നു സുകുമാരന്‍ നായരുടെ ആഹ്വാനം. ശബരിമല വിഷയം കൂടാതെ മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ പ്രശ്നവും മന്നത്ത് പത്മനാഭന്റെ ജന്മദിനം പൊതുഅവധിയാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതുമെല്ലാം ഉന്നയിച്ചാണ് പിണറായി സര്‍ക്കാരിന് സുകുമാരന്‍ നായരുടെ കുറ്റപ്പെടുത്തല്‍. ശബരിമല പ്രശ്നം ഉയര്‍ത്തി വോട്ട് തേടുന്ന ബിജെപിയെയും വെട്ടിലാക്കുന്നതാണ് എന്‍എസ്എസ് നിലപാട്. ഫലത്തില്‍ ശരിദൂര പ്രഖ്യാപനം യുഡിഎഫിനാണ് ഗുണം ചെയ്യുക.
അതിലുള്ള ആഹ്ലാദം രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ മറുപടിയില്‍ നിന്നുതന്നെ വ്യക്തമാണ്. ശബരിമല വിഷയം ആവര്‍ത്തിച്ച് ഉന്നയിക്കുന്ന യുഡിഎഫിനുള്ള മികച്ച ആയുധമാണ് എന്‍എസ്എസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സുകുമാരന്‍ നായരുടെ ശരിദൂര സിദ്ധാന്തത്തെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് ചെന്നിത്തല ചെയ്തത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ അങ്കലാപ്പ് കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍ തെളിയുന്നു. ശരിദൂരമെന്ന നിലപാട് എന്‍എസ്എസ് പുനഃപരിശോധിക്കണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. സമുദായത്തിലെ അംഗങ്ങള്‍ ഈ നിലപാട് അംഗീകരിക്കുന്നില്ലെന്നും കോടിയേരി അവകാശപ്പെടുന്നു. എല്‍ഡിഎഫ് എന്‍എസ്എസിനെ ശത്രുപക്ഷത്തല്ല കാണുന്നതെന്നും കോടിയേരി പറയുന്നു. എന്‍എസ്എസ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍എസ്എസിന്റെ ശരിദൂരം ശരിയായ നിലപാടാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തുന്നു. അതേസമയം ശബരിമല വിഷയം ഉന്നയിച്ച് വോട്ട് തേടുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള എന്‍എസ്എസ് നിലപാടിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
2011ലെ തെരഞ്ഞെടുപ്പിലും എന്‍എസ്എസ് ശരിദൂര നിലപാട് സ്വീകരിച്ചിരുന്നു. വി എസ് വിരോധത്തിന്റെ പേരില്‍ മാത്രം ഇടതുമുന്നണിയെ എതിര്‍ത്ത് ശരിദൂരം നിലപാട് സ്വീകരിച്ചിരുന്നു എന്‍എസ്എസ്.