TopTop
Begin typing your search above and press return to search.

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ വരും: പിസി ജോര്‍ജ്

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ വരും: പിസി ജോര്‍ജ്

യുഡിഎഫ് പ്രവേശത്തില്‍ ഏറെ പ്രതീക്ഷകള്‍ പങ്കുവെച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ.യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സഹകരണത്തില്‍ ചില നിബന്ധനകളുണ്ടെങ്കിലും ഇപ്പോള്‍ അത് വെളിപ്പെടുത്തുന്നില്ല. ഇന്നത്തെ യുഡിഎഫ് യോഗത്തിനുശേഷം അനുകൂല തീരുമാനം അറിയിച്ചാല്‍ തന്റെ പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കുറഞ്ഞത് 76 സീറ്റുകള്‍ നേടി യുഡിഎഫ് ഇക്കുറി അധികാരത്തിലെത്തും. പാലായില്‍ ജോസ് കെ മാണി ആണ് സ്ഥാനാര്‍ഥിയെങ്കില്‍ യുഡിഎഫിനായി താന്‍ തന്നെ മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

യുഡിഎഫുമായി സഹകരിക്കാനാണ് താല്‍പര്യം. യുഡിഎഫില്‍ പ്രവേശിപ്പിക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നതരായ നേതാക്കള്‍ യുഡിഎഫുമായി സഹകരിക്കാമോ എന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. നിബന്ധനകളുണ്ടെങ്കിലും അനാവശ്യമായ അവകാശവാദത്തിനില്ല. ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിലുള്ള മാന്യത മാത്രമാണ് ആഗ്രഹിക്കുന്നത്. എത്ര സീറ്റുകള്‍ ലഭിക്കുമെന്നത് തങ്ങളുടെ പ്രശ്‌നമല്ല. അക്കാര്യം യുഡിഎഫ് തീരുമാനിക്കട്ടെ. ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ശക്തി കൊടുക്കാന്‍ കഴിയുന്ന പ്രസ്ഥാനം കേരള ജനപക്ഷം സെക്യുലര്‍ ആണ്. എന്നാല്‍, പൂഞ്ഞാര്‍ സീറ്റ് വിട്ടുകൊടുക്കില്ല. ആരുടെയും ഔദാര്യമില്ലാതെ ജനങ്ങളുടെ മാത്രം ഔദാര്യംകൊണ്ട് കിട്ടിയ സീറ്റാണത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെ മുഴുവന്‍ സംഘടനക്കാരും എതിര്‍ത്തിട്ടും 28,000 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് പൂഞ്ഞാറ്റിലെ ജനങ്ങള്‍ തന്നെ എംഎല്‍എ ആക്കിയത്. ആ സീറ്റില്‍ ഒരു ചര്‍ച്ചയില്ല.

പാല വളരെ പ്രധാനപ്പെട്ടതാണ്. പഴയ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളാണ് പാലാ നിയോജകമണ്ഡലത്തിലുള്ളത്. പിന്നെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്ന് എലിക്കുളം പിന്നെ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്ന് ഒരു പഞ്ചായത്ത് വന്നിട്ടുണ്ട്. പൂഞ്ഞാറില്‍നിന്ന് താന്‍ ജയിച്ച അതേ മാനദണ്ഡത്തില്‍ പാലായിലും വിജയിക്കാന്‍ കഴിയും. അതിനാല്‍ പാലാ സീറ്റിനും തങ്ങള്‍ അത്ര പ്രാധാന്യം കൊടുക്കും. പാലായില്‍ എല്‍ഡിഎഫിനായി ജോസ് വിഭാഗം മത്സരിച്ചാല്‍ താനും നിന്നോളാം. ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാണിച്ചു തരാം. പാലായില്‍ ജോസ് കെ. മാണി ആണ് സ്ഥാനാര്‍ഥിയെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി താന്‍ തന്നെ വരും. അതേസമയം കാപ്പന്‍ യുഡിഎഫിലേക്ക് വരികയാണെങ്കില്‍ പാലായ്ക്കുവേണ്ടി തര്‍ക്കം പറയില്ല. പകരം കാഞ്ഞിരപ്പള്ളി സീറ്റ് മതി. കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളില്‍ ഒരെണ്ണം മസ്റ്റാണ്.

താന്‍ കൂടി വിജയിപ്പിച്ച ഒരാളാണ് മാണി സി കാപ്പന്‍. ഇടതാണോ വലതാണോ എന്ന് ഇപ്പോഴും കാപ്പന് തീരുമാനമായിട്ടില്ല. കാപ്പന്‍ ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോണ്ടു നടക്കുകയാണ്. കാപ്പന്‍ കുറച്ച് വ്യക്തിത്വം നശിപ്പിച്ചിട്ടുണ്ട്. പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചതാണതെന്നും ജോര്‍ജ് പറഞ്ഞു.


Next Story

Related Stories