കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ പ്രതിപക്ഷ എംപിമാരെ രാജ്യ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം എംപി. രാജ്യസഭാ അധ്യക്ഷനെ അപമാനിച്ചെന്ന പേരിലായിരുന്നു കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരായ എളമരം കരീം, കെ കെ രാകേഷ് തുടങ്ങി 8 പേര്‍ക്കെതിരായ നടപടി. സഭയില്‍ ഞായറാഴ്ച അരങ്ങേറിയ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടി രാജ്യ സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് നടപടികള്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയാണെന്നും നടപടിയെ വിമര്‍ശിച്ച് എളമരം കരീം പ്രതികരിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു എംപിയുടെ പ്രതികരണം. എതിര് ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് പ്രധാനമന്ത്രിയുടെ കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുകാണ് ഈ നടപടിയിലൂടെ എന്ന്ഹം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്പെന്ഷന് കൂടുതല്‍ ഊര്‍ജം പകരുമെന്നും കുറിപ്പില്‍ വ്യക്തമാക്കുവന്നു.
'ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിര് ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്പെന്ഷന് കൂടുതല്‍ ഊര്‍ജം പകരും.'
എളമരം കരീമിനും കെ കെ രാഗേഷിനും പുറമെ രാജ്യ സഭയില്‍ ബില്ലുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാന് എതിരെയും നടപടിയുണ്ട്. മൂവര്‍ക്കും പുറമെ സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യിദ് നസീര്‍ ഹുസൈന് എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍.