കവിയും സാമൂഹ്യ, പരിസ്ഥതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
സുഗതകുമാരിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തകരാര്‍ സംഭവിച്ചതായും ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാണെന്നും കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമൻസ് കോളേജിൽ സംസ്കൃതം പ്രൊഫസറായിരുന്ന കാർത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22നാണ് സുഗതകുമാരിയുടെ ജനനം. തത്വശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹർ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും സാമൂഹിക അനീതികൾക്കെതിരായും പ്രവർത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്തു. അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിവയെല്ലാം സുഗതകുമാരിയുടെ സംഭാവനകളാണ്. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം, സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ്, കേരള സാഹിത്യ അക്കാഡദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, ആശാൻ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭർത്താവ് എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധൻ നായർ. ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എൻസിഇആർടിയുടെ മുൻരൂപം) തലവനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറായിരുന്നു അദ്ദേഹം. മകൾ: ലക്ഷ്മി.