TopTop
Begin typing your search above and press return to search.

മൂന്നാം തവണയും പിടിക്കപ്പെട്ടു; കോവിഡ് കാലത്ത് പൊലീസിന് തലവേദനയായി 'ഡ്രാക്കുള' സുരേഷ്

മൂന്നാം തവണയും പിടിക്കപ്പെട്ടു; കോവിഡ് കാലത്ത് പൊലീസിന് തലവേദനയായി ഡ്രാക്കുള സുരേഷ്


പൊലീസിന് തീരാതലവേദന സൃഷ്ടിച്ച് കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ്. പത്തു ദിവസത്തിനുള്ളില്‍ മൂന്നു തവണയാണ് സുരേഷ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും സുരേഷ് രക്ഷപ്പെട്ടത്. പിടികൂടാന്‍ കഴിഞ്ഞെങ്കിലും ഇത്തവണ പൊലീസിന് സുരേഷ് കൊടുത്തത് മുട്ടന്‍ പണിയാണ്. കോവിഡ് പോസിറ്റീവ് ആയതുകൊണ്ടായിരുന്നു സുരേഷിനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയത്. അവിടെ നിന്നും ചാടിയ ഡ്രാക്കുളയെ പിടികൂടിയ പുത്തന്‍കുരിശ് സ്റ്റേഷനിലെ ഒരു എ എസ് ഐയും മൂന്നു പൊലീസുകാര്‍ക്കും ഇതോടെ ക്വാറന്റൈനില്‍ പോകേണ്ടി വന്നു.

ശനിയാഴ്ച്ച രാവിലെ മെഡിക്കല്‍ കോളേജില്‍ നിന്നും ആലുവ സബ് ജയിലിലേക്ക് സുരേഷിനെ കൊണ്ടു പോകുന്നതിനു മുന്നോടിയായി പൊലീസുകാര്‍ പിപിഇ കിറ്റ് ധരിക്കാന്‍ പോയപ്പോഴായിരുന്നു മൂന്നാമത്തെ രക്ഷപ്പെടല്‍. തുടര്‍ന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കോലഞ്ചേരി കോളേജിനു സമീപത്ത് നിന്നും ഇയാളെ പിടികൂടിയത്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ സുരേഷിനെ വീണ്ടും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പെരുമ്പാവൂരിലെ ഒരു കടയില്‍ നിന്നും പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ഡ്രാക്കുള സുരേഷിനെ പിടികൂടുന്നത്. പിടികൂടിയതിനു പിന്നാലെ കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചു. അവിടെ വച്ച് പൊലീസിനെ ആക്രമിച്ചാണ് സെപ്തംബര്‍ 23 ആം തീയതി രക്ഷപ്പെടുന്നത്. പിറ്റേദിവസം പുലര്‍ച്ചെ പെരുമ്പാവൂരില്‍ നിന്നും തന്നെ പിടികൂടുകയു ചെയ്തു.

പിടിയിലായതിനു പിന്നാലെ വീണ്ടും പൊലീസ് സുരേഷിനെ കറുകുറ്റിയിലെ കോവിഡ് സെന്ററില്‍ എത്തിച്ചു. എന്നാല്‍ പിറ്റേദിവസം റൂമിന്റെ പൂട്ടുപൊളിച്ച് സുരേഷ് രണ്ടാമത്തെ തവണയും രക്ഷപ്പെട്ടു. ആദ്യത്തെ സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം പിറ്റേ ദിവസം തന്നെ പെരുമ്പാവൂരില്‍ നിന്നും ഡ്രാക്കുള പൊലീസ് വലയിലായി.

സെപ്തംബര്‍ 30 ന് നടത്തിയ പരിശോധനയില്‍ സുരേഷ് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ഇതേ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സൈക്യാട്രിക് വാര്‍ഡിലെ സെല്ലില്‍ പ്രവേശിപ്പിച്ചു. അക്രമികളായ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലാണിത്. ഇവിടെ നിന്നാണ് മുകള്‍ ഭാഗത്തെ വിടവില്‍ കൂടി സുരേഷ് മൂന്നാമത്തെ തവണയും രക്ഷപ്പെടുന്നത്.

20 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഡ്രാക്കുള സുരേഷ്. വീടുകളും കടകളും കുത്തി തുറന്ന് പണം മോഷ്ടിക്കലാണ് സുരേഷിന്റെ രീതി. രാത്രികാലങ്ങളിലായിരുന്നു ആദ്യം സുരേഷിന്റെ മോഷണം. ഇങ്ങനെയാണ് പുത്തന്‍കുരിശ് സ്വദേശിയായ സുരേഷിന് ഡ്രാ്ക്കുള എന്ന വട്ടപ്പേര് വീണത്. പിന്നീട് പകല്‍ സമയത്തും സുരേഷ് മോഷണത്തിന് ഇറങ്ങിത്തുടങ്ങി. കടക്കാരുടെ കണ്ണുവെട്ടിച്ച് അകത്തു കയറിയും വീടുകള്‍ കുത്തി തുറന്നും പണം കൊണ്ടു പോവുകയാണ് പതിവ്. മൂവാറ്റുപുഴ ആയിരുന്നു ആദ്യകാലത്ത് സുരേഷിന്റെ പ്രധാന മോഷണ കേന്ദ്രം. ഇപ്പോള്‍ കുറച്ചു നാളായി പെരുമ്പാവൂരാണ് ഇയാള്‍ കേന്ദ്രമാക്കിയിരിക്കുന്നതെന്നു പൊലീസ് പറയുന്നു. പൊലീസിന്റെ പിടിയിലാകുന്ന സമയത്ത് അസ്വഭാവികമായി പെരുമാറുകയും അക്രമകാരിയാവുകയും ചെയ്യാറുണ്ട് സുരേഷ് എന്നാണ് പൊലീസ് പറയുന്നത്. മൂവാറ്റുപുഴയില്‍ വച്ച് ഒരിക്കല്‍ പൊലീസിന്റെ പിടിയിലായ സമയത്ത് പൊലീസ് ജീപ്പിന്റെ ചില്ല അടിച്ച് തകര്‍ത്തശേഷം ചില്ല് വിഴുങ്ങി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. 2015 ല്‍ കോലഞ്ചേരി പള്ളിയില്‍ മോഷണം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വെന്റിലേറ്ററില്‍ കുടുങ്ങിപ്പോയ സുരേഷ് അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിന്നീട് പൊലീസ് എത്തി വളരെ പണിപ്പെട്ടാണ് സുരേഷിനെ പുറത്തെടുത്തത്. ഒരു മോഷണം നടത്തി കഴിഞ്ഞാല്‍ കുറച്ചു കാലം ഒളിവില്‍ പോകും. അതേസമയം, പിടിയിലായി കഴിഞ്ഞ പുറത്തിറങ്ങിയാല്‍ തൊട്ടു പിന്നാലെ സുരേഷ് പോകുന്നത് അടുത്ത മോഷണത്തിനായിരിക്കും.

കഴിഞ്ഞ ജൂണില്‍ മൂവാറ്റുപുഴയില്‍വച്ച് മോഷണശ്രമത്തിനിടയില്‍ സുരേഷ് നാട്ടുകാരുടെ കണ്ണില്‍പ്പെട്ടു. പിന്നാലെ ആളുണ്ടെന്നു മനസിലാക്കി സുരേഷ് ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചു. എന്നാല്‍ നാട്ടുകാര്‍ പിറകെയുണ്ടെന്നു മനസിലായതോടെ പെരുവംമുഴി പാലത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. വെള്ളത്തില്‍ ചാടി രക്ഷപ്പെടാമെന്നായിരുന്നു കണക്കൂട്ടലെങ്കിലും ചാട്ടം പിഴച്ചു. സുരേഷ് വീണത് കരയ്ക്കായിരുന്നു. വീണു കിടക്കുന്ന സുരേഷിനെ പിടികൂടാന്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സുരേഷ് തന്ത്രം പ്രയോഗിച്ചു, തനിക്ക് കോവിഡ് ആണെന്നും അടുക്കരുതെന്നും പറഞ്ഞായിരുന്നു പിടികൂടാന്‍ എത്തിയവരെ ഭയപ്പെടുത്തി തടഞ്ഞത്. വീഴ്ച്ചയില്‍ തന്റെ നട്ടെല്ല് തകന്നുവെന്നും സുരേഷ് വേദനയഭിനയിച്ചു പറഞ്ഞതോടെ നാട്ടുകാര്‍ പിന്നാകം പോയി. എന്നാല്‍ വിവരം അപ്പോള്‍ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനയുടെ സഹായത്തോടെ സുരേഷിനെ പിടൂകൂടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സുരേഷിന് കാര്യമായ പരിക്കൊന്നും ഇല്ലെന്നു തെളിഞ്ഞു. ഈ കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷമാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായ മോഷണം നടത്തിയത്.


Next Story

Related Stories