TopTop

സുപ്രിംകോടതിയിലും ഹിന്ദുത്വ നുഴഞ്ഞുകയറ്റമെന്ന് പ്രകാശ് കരാട്ട്; അയോധ്യ, ശബരിമല വിധികള്‍ ഭൂരിപക്ഷവാദത്തിന് തെളിവ്

സുപ്രിംകോടതിയിലും ഹിന്ദുത്വ നുഴഞ്ഞുകയറ്റമെന്ന് പ്രകാശ് കരാട്ട്; അയോധ്യ, ശബരിമല വിധികള്‍ ഭൂരിപക്ഷവാദത്തിന് തെളിവ്

സുപ്രിംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കരാട്ട്. സുപ്രിംകോടതിയുടെ അയോധ്യ, ശബരിമല വിധികള്‍ക്കെതിരെയാണ് ദേശാഭിമാനിയില്‍ എഴുതിയ 'സുപ്രിംകോടതിയില്‍ സംഭവിക്കുന്നത് എന്ത്?' എന്ന ലേഖനത്തില്‍ കരാട്ട് പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ജസ്റ്റിസ് ഗൊഗോയിയുടെ കാലത്ത് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്‌തെന്ന് കരാട്ട് വിമര്‍ശിക്കുന്നു. എക്‌സിക്യൂട്ടീവിന് കൂടുതലായി സുപ്രിംകോടതി വഴങ്ങിയെന്നും വിമര്‍ശനമുണ്ട്. അയോധ്യ വിധി വിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതാണെന്നും അദ്ദേഹം ആരോപിക്കുന്നു.

വിധി മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്നതിലെ പരാജയമാണ്. അതേസമയം ശബരിമല വിധി സ്ത്രീകളുടെ അവകാശങ്ങളേക്കാള്‍ വിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നതാണെന്നും കരാട്ട് ആരോപിക്കുന്നു.

രഞ്ജന്‍ ഗോഗോയ് വിരമിച്ച്, എസ് എ ബോബ്ദെ ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണെന്ന് പറഞ്ഞാണ് കരാട്ട് ലേഖനം തുടങ്ങുന്നത്. ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെടുന്നില്ലേയെന്ന ആശങ്ക ഉയരുന്നതായും കരാട്ട് പറയുന്നു. സ്വച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം ഭരണഘടനയുടെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

പൗരന്മാരുടെ മൗലികാവകാശത്തിന് പകരം സുപ്രിംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷ വാദത്തിന് സന്ധിചെയ്തത് കൊണ്ടാണ് എക്‌സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ആര്‍ജ്ജവത്തിനും കടകവിരുദ്ധമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആദ്യം പരാജയം സംഭവിച്ചത് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലാണ്.


Next Story

Related Stories