TopTop
Begin typing your search above and press return to search.

സിറിൾ അമർചന്ദ് മംഗൾദാസ് പ്രാമാണികരായ കോർപ്പറേറ്റ് നിയമ സ്ഥാപനങ്ങളിൽ ഒന്ന്, ഒത്തുകളി ആരോപണം പാവങ്ങളെ ആശയക്കുഴപ്പത്തിലാക്കാനെന്ന് തോമസ് ഐസക്

സിറിൾ അമർചന്ദ് മംഗൾദാസ് പ്രാമാണികരായ കോർപ്പറേറ്റ് നിയമ സ്ഥാപനങ്ങളിൽ ഒന്ന്, ഒത്തുകളി ആരോപണം പാവങ്ങളെ ആശയക്കുഴപ്പത്തിലാക്കാനെന്ന് തോമസ് ഐസക്

തിരുവനന്തപുരം വിമാനത്താവള വിൽപ്പന സംബന്ധിച്ച് ഉയർന്ന ചർച്ചയിൽ അദാനിയുടെ ബന്ധുവിനെ കൺസൾട്ടൻസി ഏൽപ്പിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് . വിമാനത്താവളം സംബന്ധിച്ച നിയമോപദേശത്തിന് അദാനിയുടെ മരുമകളുടെ അച്ഛന്റെ കമ്പനി തെരഞ്ഞെടുത്തത് ഒത്തുകളിയാണ് എന്ന ആരോപണം ഇന്നലെയും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് ഇക്കാര്യം വിശദീകരിക്കുന്നത്.

130 പാർട്ട്ണർമാരുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രാമാണികരായ കോർപ്പറേറ്റ് നിയമ സ്ഥാപനങ്ങളിൽ ഒന്നാണ് സർക്കാർ നിയമോപദേശം തേടിയ സിറിൾ അമർചന്ദ് മംഗൾദാസിന്. എല്ലാവരും പ്രസിദ്ധരായ വക്കീലൻമാർ. സാധാരണഗതിയിൽ ഏതെങ്കിലും പാർട്ട്ണർമാർ വഴിയാണ് അവർ അസൈൻമെന്റുകൾ എടുക്കുക. ഇവിടെ ബിഡ്ഡിൽ പങ്കെടുത്തത് ഡൽഹിയിലുള്ള പാർട്ട്ണറാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇത്തരം കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ഇല്ലായെന്ന് സിറിൾ അമർചന്ദ് മംഗൾദാസ് ഔപചാരികമായിത്തന്നെ കെഎസ്ഐഡിസിയെ അറിയിച്ചുണ്ട്. എന്നാൽ പാവങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ അതിവിദഗ്ധമായി ഒരു ചർച്ചയ്ക്ക് ചില മാധ്യമങ്ങൾ തുടക്കം കുറിക്കുകയായിരുന്നു എന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം-

തിരുവനന്തപുരം വിമാനത്താവള വിൽപ്പന സംബന്ധിച്ച് ഉയർന്ന ചർച്ചയിൽ ഇനി ഒന്നിനെക്കുറിച്ചുകൂടി മാത്രമേ പ്രതികരിക്കാനുള്ളൂ. അത് നിയമോപദേശം സംബന്ധിച്ചാണ്. നിയമോപദേശത്തിന് അദാനിയുടെ മരുമകളുടെ അച്ഛന്റെ കമ്പനി തെരഞ്ഞെടുത്തത് ഒത്തുകളിയാണ് എന്ന ആരോപണം ഇന്നലെയും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു. എന്റെ പോസ്റ്റിനു കീഴിൽ നിരന്തരം എഴുതുന്ന കോൺഗ്രസുകാരും ബിജെപിക്കാരും ഉണ്ട്. അവർക്കെല്ലാമുള്ള മറുപടിയാണിത്.

സിറിൾ അമർചന്ദ് മംഗൾദാസ് ഇന്ത്യയിലെ ഏറ്റവും പ്രാമാണികരായ കോർപ്പറേറ്റ് നിയമ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇതിന് 130 പാർട്ട്ണർമാരുണ്ട്. എല്ലാവരും പ്രസിദ്ധരായ വക്കീലൻമാർ. സാധാരണഗതിയിൽ ഏതെങ്കിലും പാർട്ട്ണർമാർ വഴിയാണ് അവർ അസൈൻമെന്റുകൾ എടുക്കുക. ഇവിടെ ബിഡ്ഡിൽ പങ്കെടുത്തത് ഡൽഹിയിലുള്ള പാർട്ട്ണറാണ്. ഇദ്ദേഹത്തിനു തന്നെയായിരിക്കും മുഖ്യചുമതല. എന്നാൽ ഇത്തരമൊരു അസൈൻമെന്റിൽ താൽപ്പര്യ സംഘർഷം ഇല്ലെന്ന് കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്സാണ് ഉറപ്പുവരുത്തുന്നത്. സ്റ്റാഫിംഗ് അടക്കമുള്ള കാര്യങ്ങൾ അവർ പരിശോധിക്കും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇത്തരം കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ഇല്ലായെന്ന് സിറിൾ അമർചന്ദ് മംഗൾദാസ് ഔപചാരികമായിത്തന്നെ കെഎസ്ഐഡിസിയെ അറിയിച്ചുണ്ട്. ഇങ്ങനെയാണ് ഇത്തരം സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. മലയാള മനോരമയ്ക്കും മറ്റും ഇത് അറിയാത്തതല്ല. എന്നാൽ പാവങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ അതിവിദഗ്ധമായി ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചു. എന്നിട്ട് ഇന്ന് ലീഗൽ ഫേമിന്റെ വിശദീകരണവും കൊടുത്തിട്ടുണ്ട്. ഒരു കേസ് ഇല്ലാതിരിക്കാനുള്ള മുൻതട.

മാത്രമല്ല, നിയമോപദേശം നൽകുകയും ബിഡ്ഡ് ഡോക്യുമെന്റ്സ് തയ്യാറാക്കുകയും ചെയ്യുകയല്ലാതെ വിമാനത്താവളത്തിന്റെ സാമ്പത്തിക വിശകലനം, ക്വാട്ട് ചെയ്യേണ്ട നിരക്കുകൾ എന്നിവ സംബന്ധിച്ചൊന്നും ഇവർക്ക് യാതൊരു ബന്ധവുമില്ല.

ഏതായാലും വി.ഡി. സതീശൻ ഇന്നലെ ഇക്കാര്യം അധികം പറഞ്ഞു പരത്തിയില്ല. അദ്ദേഹമൊരു പുതിയ വാദമാണ് ഉയർത്തിയത്. കെപിഎംജി കണക്കുകൂട്ടലിനെല്ലാം ശേഷം 134നും 150നും ഇടയ്ക്ക് രൂപ ക്വാട്ട് ചെയ്യാനാണ് ഉപദേശിച്ചത്. കേരള സർക്കാർ 150 രൂപ ക്വാട്ട് ചെയ്തിരുന്നുവെങ്കിലും അദാനിയുടെ 168 രൂപ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ വ്യത്യാസമുണ്ടാകുമായിരുന്നു. ഇതു കാണിക്കുന്നത് കേരള സർക്കാർ ക്വാട്ട് ചെയ്യാൻ തീരുമാനിച്ച നിരക്ക് അദാനിയെ ആരോ അറിയിച്ചതുകൊണ്ടാണത്രെ. എന്താ തെളിവ്? മറ്റൊരു ഉണ്ടയില്ലാ വെടി.

സിയാൽ മംഗലാപുരം വിമാനത്താവളത്തിനു ക്വാട്ട് ചെയ്തത് 45 രൂപ വച്ചാണ്. അതുകൊണ്ട് ബിഡ് തുക സംബന്ധിച്ച നിഗമനം ഉത്തമവിശ്വാസത്തിൽ എടുത്ത തീരുമാനമായിട്ടാണ് ഞാൻ കാണുന്നത്. പിന്നെ, ഒരു വാൽക്കഷണം കേരളമാണ് അവസാനം തിരുവനന്തപുരം വിമാനത്താവളത്തിന് ബിഡ്ഡ് ചെയ്തത്. അതുകൊണ്ട് നമ്മുടെ തുക അറിഞ്ഞിട്ടാണ് അദാനി ക്വാട്ട് ചെയ്തത് എന്ന ഗൂഡാലോചന കഥയൊന്നും മെനയണ്ട.

ഇന്നലെ സതീശൻ ഉന്നയിച്ച മറ്റൊരു കാര്യത്തിന് ഞാൻ നേരത്തെ മറുപടി പറഞ്ഞുകൊണ്ട് ആവർത്തിക്കുന്നില്ല. സിയാലിന് തിരുവനന്തപുരം വിമാനത്താവളത്തിന് ലേലം വിളിയിൽ പങ്കെടുക്കുന്നതിനോ ഉപദേശകനാകാനോ കഴിയില്ല. കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ഉണ്ട്.

ഏതായാലും ഇന്നലത്തെ ചർച്ചയിൽ കിഫ്ബിയെ ഇതിലേയ്ക്കൊന്നും വലിച്ചിഴച്ചില്ല. കിഫ്ബിയുടെ മസലാ ബോണ്ടിനു നിയമോപദേശം നൽകിയത് സിറിൾ അമർചന്ദ് മംഗൾദാസാണ്. കിഫ്ബി അദാനിയുടെ ഉപദേശം തേടിയെന്ന് മാതൃഭൂമിയിൽ വാർത്ത മിന്നുമറയുന്നതു കണ്ടു. കൃത്യമായ ബിഡ്ഡുവഴിയാണ് കിഫ്ബി തെരഞ്ഞെടുത്തത്. മസാലബോണ്ട് ഇറങ്ങണമെങ്കിൽ ഇതുപോലൊരു പ്രാമാണിക സ്ഥാപനത്തിന്റെ നിയമസഹായം കൂടിയേതീരൂ. എന്തായാലും ആരും ഇതൊരു ആരോപണമായി ഉന്നയിച്ചില്ല.

Next Story

Related Stories