TopTop
Begin typing your search above and press return to search.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സർക്കാർ ജീവനക്കാരനെതിരെ നടപടിയെടുക്കാൻ വകുപ്പ് മേധാവിക്ക് ഡി.ജി.പിയുടെ കത്ത്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സർക്കാർ ജീവനക്കാരനെതിരെ നടപടിയെടുക്കാൻ വകുപ്പ് മേധാവിക്ക് ഡി.ജി.പിയുടെ കത്ത്

സര്‍ക്കാര്‍ നയങ്ങളെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്റ വകുപ്പ് മേധാവിക്ക് കത്തയച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെൻ്റ് ജീവനക്കാരനായ രജീഷ് കൊല്ലങ്കണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോലീസിന് നല്‍കുന്ന മജിസ്റ്റീരിയല്‍ പദവി സമൂഹത്തെ ഏത് തരത്തിൽ ബാധിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിൻ്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിനെതിരെയാണ് നടപടി. ഇത് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ളതാണെന്നും, സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പറഞ്ഞാണ് ഡി.ജി.പി വകുപ്പ് മേധാവിക്ക് കത്തയച്ചിരിക്കുന്നതെന്ന് രജീഷ് കൊല്ലങ്കണ്ടി പറഞ്ഞു. വകുപ്പ് മേധാവിയില്‍നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് രജീഷ് കൊല്ലങ്കണ്ടിക്ക് ലഭിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ഡി.ജി.പിയെ പോലൊരു ഉന്നത ഉദ്യോഗസ്ഥന്‍ ശ്രദ്ധിക്കുന്നുവെന്ന് പറയുന്നതുതന്നെ ആളുകള്‍ ഇവിടെ എത്തരത്തില്‍ നിരീക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇത്രയും നടപടികള്‍ ഉണ്ടാവുന്നതെന്നും, നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് സര്‍വ്വീസ് ചട്ടങ്ങള്‍ നിലനില്‍ക്കെതന്നെ എല്‍ഡിഎഫ് ചായ്‌വുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇടാറുണ്ടെന്നും എന്നാല്‍ ഇതിനെതിരെയൊന്നും നടപടി എടുക്കാതെ വളരെ പക്ഷപാതപരമായ നിലപാടുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും രാജേഷ് കൊല്ലങ്കണ്ടി പറഞ്ഞു.

ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ് എന്ന ഒറ്റക്കാരണത്താല്‍ ഒരാളെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ സാധിക്കുകയില്ലെന്നും, ഒരു ജനാധിപത്യസമൂഹത്തില്‍ എല്ലാ സ്ഥാപനങ്ങളും ജനാധിപത്യ ആദര്‍ശങ്ങളാലാണ് നയിക്കപ്പെടേണ്ടതെന്നും. ആരോഗ്യകരമായ വിമര്‍ശനമാണ് പൊതുസ്ഥാപനങ്ങളെ ഭരിക്കുന്നതിനുള്ള ശരിയായ പാതയെന്നുമുള്ള പരാമര്‍ശം മുന്‍പ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുഹ്താഖ് ഇത്തരമൊരു വിധി പറഞ്ഞത്. ഡോ.പ്രസാദ് പന്ന്യന്റെ ഫേസ്ബുക്ക് പോസ്റ്റിനെ സര്‍വ്വകലാശാലയുടെ കൂട്ടായ താല്‍പര്യത്തിന് ഹാനിയുണ്ടാക്കുന്ന ഒന്നായല്ല, മറിച്ച് ആരോഗ്യകരമായ ഒരു വിമര്‍ശനമായി വേണം കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു അന്ന് ഹൈക്കോടതി വിധിച്ചതെന്നും രജീഷ് കൊല്ലക്കണ്ടി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഫെയ്സ് ബുക്കില്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു പോസ്റ്റിട്ടതായി ഡി.ജി.പി ലോക്‌നാഥ് ബഹ്റ ഞാന്‍ ജോലി ചെയുന്ന ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനെ അറിയിച്ചിരുന്നു. നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന നോട്ടിസ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്രത്തിന്/ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലങ്ങിടരുത് എന്നാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമെന്നാണ് എന്റെ അറിവ്.. പക്ഷെ FB പോസ്റ്റിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പണി കിട്ടിയത് ഈ അടുത്ത കാലത്താണെന്ന് തോന്നുന്നു.. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെ വിമര്‍ശശിച്ചാല്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്ന സര്‍ക്കുലറുകള്‍ കൂടുതലും കാണുന്നതും ഇപ്പോഴാണ്

NB: FB പോസ്റ്റുകളില്‍ സര്‍ക്കാര്‍ വിരുദ്ധത തിരയുന്ന സംവിധാനങ്ങള്‍ക്ക് പകരം ഇരകളാക്കപ്പെട്ട പെണ്കുട്ടികള്ക്ക് നീതി ലഭിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സംവിധങ്ങള്‍ ഉണ്ടായുരുന്നുവെങ്കിലെന്ന് ആശിച്ചു പോകുന്നു..


Next Story

Related Stories