Top

എന്നെയും തിരുവള്ളുവരേയും കാവി പുതപ്പിക്കാനാവില്ല - ബിജെപിയിലേയ്ക്കില്ലെന്ന സൂചനയുമായി രജനീകാന്ത്

എന്നെയും തിരുവള്ളുവരേയും കാവി പുതപ്പിക്കാനാവില്ല - ബിജെപിയിലേയ്ക്കില്ലെന്ന സൂചനയുമായി രജനീകാന്ത്

തന്നെ കാവിവത്കരിക്കാന്‍ പലരും പല തവണ ശ്രമിച്ചതായി രജനീകാന്ത്. എന്നാല്‍ ഇത് നടക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രജനീകാന്തിനെ കണ്ടത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്കെല്ലാം തല്‍ക്കാലം വിരാമമിട്ടുകൊണ്ടാണ് രജനി ബിജെപിയിലേക്കില്ല എന്ന സൂചന നല്‍കിയിരിക്കുന്നത്. പൊന്‍ രാധാകൃഷ്ണന്‍ തന്നെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ല.

മാധ്യമങ്ങള്‍ എല്ലായ്‌പ്പോളും എന്നെ ബിജെപിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ സത്യമില്ല. എന്നെ കാവിവത്കരിക്കാന്‍ പല തവണ ശ്രമം നടന്നു. തിരുവള്ളുവരെ കാവിവത്കരിക്കാന്‍ ശ്രമിച്ച പോലെ. എന്നെയും തിരുവള്ളവരേയും ഇത്തരത്തില്‍ പിടിക്കാന്‍ ആര്‍ക്കും കഴിയില്ല. തിരുവള്ളുവരെ വെള്ള തുണിക്ക് പകരം കാവി തുണി വസ്ത്രമായി ചിത്രീകരിച്ച ബിജെപി സംസ്ഥാന ഘടകത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രജനീകാന്ത് ഇക്കാര്യം പറഞ്ഞത്. തിരുവള്ളുവര്‍ സന്യാസിയും വിശ്വാസിയുമായിരുന്നുവെന്നും നിരീശ്വരവാദിയല്ലെന്നും അതേസമയം ജാതിക്കും മതത്തിനും അതീതനാണെന്നുമാണ് നേരത്തെ രജനീകാന്ത് പറഞ്ഞിരുന്നത്. അതേസമയം രജനീകാന്ത് ബിജെപിയില്‍ ചേരുമെന്ന് ഒരിക്കലും തങ്ങള്‍ പറഞ്ഞിട്ടില്ല എന്ന് ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു.

രജനീകാന്ത് ബിജെപിയിലേയ്ക്ക് പോകും, ഇല്ലെങ്കില്‍ പുതുതായി രൂപീകരിക്കുന്ന രജനീകാന്തിന്റെ പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കും എന്നെല്ലാമുള്ള അഭ്യൂഹങ്ങള്‍ വര്‍ഷങ്ങളായി സജീവമാണ്. 2014ല്‍ നരേന്ദ്ര മോദി തന്നെ രജനീകാന്തിനെ ചെന്നൈയിലെ വസതിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം, കാശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് തുടങ്ങിയ മോദി സര്‍ക്കാരിന്റെ നടപടികളെ ശക്തമായി അനുകൂലിച്ചിരുന്നു രജനീകാന്ത്. മോദി കൃഷ്ണനും അമിത് ഷാ അര്‍ജ്ജുനനുമാണ്, അല്ലെങ്കില്‍ നേരെ തിരിച്ച് എന്നാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ച നടപടിയെ പ്രശംസിച്ച് രജനീകാന്ത് പറഞ്ഞത്. കമല്‍ഹാസനും വിജയ് സേതുപതിയും അടക്കമുള്ളവര്‍ കാശ്മീര്‍ നടപടിയെ ശക്തമായി വിമര്‍ശിച്ചപ്പോളായിരുന്നു ഇത്.


Next Story

Related Stories