TopTop
Begin typing your search above and press return to search.

സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം; മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രപതിയെ സമീപിച്ചു

സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം; മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രപതിയെ സമീപിച്ചു

ഉത്തര്‍പ്രദേശ് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചനത്തിനായി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്‍കി. നാഷണല്‍ അലയന്‍സ് ഓഫ് ജേണലിസ്റ്റ്, ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രപതിയെ സമീപിച്ചത്.

അതിനിടെ, സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിവിധ പ്രസ് ക്ലബുകളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടി മാധ്യമ സ്വാതന്ത്യത്തിനെതിരായ നീക്കമാണെന്ന് യൂണിയന്‍ ആരോപിച്ചു. കോവിഡിനെതിരെയുള്ള 144 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സമരം നടത്തിയത്.

കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദീഖ് കാപ്പന്‍ അഴിമുഖത്തിനു വേണ്ടിയും ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇദ്ദേഹത്തെയും മറ്റ് മൂന്നുപേരെയും ഒക്ടോബര്‍ അഞ്ചാം തീയതിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദീഖിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇന്നലെ ബിനോയ് വിശ്വം, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി തുടങ്ങി ആറോളം എംപിമാര്‍ സിദ്ദിഖിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു.

രാജ്യദ്രോഹമടക്കമുളള കുറ്റങ്ങളാണ് സിദ്ദിഖിനും കൂടെ അറസ്റ്റിലായ മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയത്. ഹത്രാസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ അറസ്റ്റ് ചെയ്തത്.


Next Story

Related Stories