TopTop
Begin typing your search above and press return to search.

പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദര്‍ (85) അന്തരിച്ചു. ഏതാനും നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദേശപുരാവൃത്തങ്ങളെ മലയാള സാഹിത്യത്തില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് ഖാദര്‍. കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജിനു സമീപം 'അക്ഷര'ത്തിലായിരുന്നു താമസം. ഭാര്യ ഫാത്തിമാബീവി. മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലേഖ. മരുമക്കള്‍: കെ. സലാം, സഗീര്‍ അബ്ദുല്ല, സുബൈദ, ഷെരീഫ, റാഫില. സംസ്‌കാരം ഞായറാഴ്ച

1935ല്‍ ബര്‍മ്മയിലെ റംഗൂണിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലായിരന്നു ഖാദറിന്റെ ജനജനം. മാതാവ് ബര്‍മ്മക്കാരിയായ മാമെദി. പിതാവ് മൊയ്തീന്‍കുട്ടി ഹാജി. ഖാദര്‍ ജനിച്ച് ആഴ്ചകള്‍ക്കുള്ളില്‍ മാതാവ് വസൂരി ബാധിച്ച് മരിച്ചു. ഏഴ് വയസുള്ളപ്പോഴാണ് ഖാദര്‍ പിതാവിന്റെ നാടായ കോഴിക്കോടേക്ക് എത്തുന്നത്. കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലാ പഠനം. മദ്രാസില്‍വെച്ച് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധമാണ് എഴുത്തിനു പ്രോത്സാഹനമായത്.

1953 മുതല്‍ ആനുകാലികങ്ങളില്‍ കഥയെഴുതിത്തുടങ്ങി. 1956ല്‍ നിലമ്പൂരിലെ ഒരു മരക്കമ്പനിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. 1957 മുതല്‍ ദേശാഭിമാനി പത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപര്‍. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും സര്‍ക്കാര്‍ ആശുപത്രിയിലും ജോലിചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു.

തൃക്കോട്ടൂര്‍ പെരുമ ഉള്‍പ്പെടെ നാല്‍പതോളം കൃതികള്‍ ഖാദറിന്റേതായുണ്ട്. തൃക്കോട്ടൂര്‍ പെരുമയ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2009ല്‍ തൃക്കോട്ടൂര്‍ നോവെല്ലകള്‍ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം എന്നിവിടങ്ങളില്‍ അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍: അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, തൃക്കോട്ടൂര്‍ കഥകള്‍, കഥപോലെ ജീവിതം, കളിമുറ്റം, തൃക്കോട്ടൂര്‍ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്പുകളിലൂടെ, ചെമ്പവിഴവും ഓട്ടുവളയും, വള്ളൂരമ്മ, സ്വപ്നകുമ്പസാരം, ശത്രു, കലശം, ഖാദറിന്റെ പത്തുനോവലുകള്‍, ഒരുപിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, ചെങ്കോല്‍, ചങ്ങല, അനുയായി, സര്‍പ്പസന്തതി, ഇണയുടെ വേദാന്തം, മിസ്സിസ് മേനോന്‍, യമുനയുടെ ഉറകള്‍, കൊടിമരച്ചുവട്ടിലെ മേളം, ഖാദര്‍ എന്നാല്‍ (ആത്മകഥാ കുറിപ്പുകള്‍), പ്രകാശനാളങ്ങള്‍, നന്മയുടെ അമ്മ (ബാലസാഹിത്യം).


Next Story

Related Stories