TopTop
Begin typing your search above and press return to search.

ഉത്തരവാദിത്ത ടൂറിസം: കേരള മോഡല്‍ നടപ്പാക്കാന്‍ മധ്യപ്രദേശ്; ധാരണാപത്രം കൈമാറി

ഉത്തരവാദിത്ത ടൂറിസം: കേരള മോഡല്‍ നടപ്പാക്കാന്‍ മധ്യപ്രദേശ്; ധാരണാപത്രം കൈമാറി

കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശ്. ഇതു സംബന്ധിച്ച ധാരണാപത്രം മധ്യപ്രദേശ് ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറുമായി കൈമാറി. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് മധ്യപ്രദേശില്‍ പദ്ധതി നടപ്പാക്കുന്നത്. ധാരണാപത്രം കൈമാറുന്നതിനൊപ്പം ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നേരിട്ട് കണ്ടുപഠിക്കാനായി മന്ത്രി ഉഷാ താക്കൂറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കേരളത്തിലെത്തിയത്. ഏഴ് ദിവസം അവര്‍ പര്യടനം നടത്തും.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരള മാതൃക പല സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെങ്കിലും ധാരണാപത്രം ഒപ്പിടുന്നത് ഇതാദ്യമാണ്. മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ എന്നിവരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. മധ്യപ്രദേശ് സംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘം മധ്യപ്രദേശും സന്ദര്‍ശിക്കുന്നുണ്ട്.

കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ മധ്യപ്രദേശിനനുയോജ്യമായ നിലയില്‍ നടപ്പാക്കുക, മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ സഹായം, മനുഷ്യവിഭവ ശേഷി തയ്യാറാക്കല്‍, പരിശീലനം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലെ മാനദണ്ഡങ്ങള്‍, സുസ്ഥിര ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി പദ്ധതി നടത്തിപ്പിനുള്ള സാധ്യതകള്‍ തേടല്‍, സാമൂഹ്യവും പാരിസ്ഥിതികവുമായ സുരക്ഷാമാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍ എന്നിങ്ങനെ പതിനാറിന പരിപാടിയാണ് ധാരണാപത്ര പ്രകാരം ഉത്തരവാദിത്ത ടൂറിസം മിഷന്‍ മധ്യപ്രദേശില്‍ നടപ്പാക്കേണ്ടത്.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. കോട്ടയം ജില്ലയിലെ കുമരകം ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ച പദ്ധതി 2017ല്‍ സംസ്ഥാന മിഷനായി. മൂന്നു വര്‍ഷത്തിനുള്ളില്‍ 2020ലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യൂടിഎം) അവാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളാണ് ഉത്തരവാദിത്ത ടൂറിസത്തെ തേടിയെത്തിയത്.


Next Story

Related Stories