TopTop
Begin typing your search above and press return to search.

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്; എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്ന് സിപിഎം, ശശീന്ദ്രനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കടന്നപ്പള്ളി

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്; എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്ന് സിപിഎം, ശശീന്ദ്രനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കടന്നപ്പള്ളി

പാലാ നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം. പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനു തന്നെയാണ്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമില്ല. നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാവുക. എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്നുമാണ് സിപിഎം നേതൃത്വം വ്യക്തമാക്കി. പാലാ സീറ്റിനെച്ചൊല്ലി എന്‍സിപിയില്‍ മാണി സി കാപ്പന്‍, എകെ ശശീന്ദ്രന്‍ പക്ഷങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് സിപിഎം നിലപാട് അറിയിച്ചിരിക്കുന്നത്.

അതേസമയം, എകെ ശശീന്ദ്രന്‍ വിഭാഗത്തെ കടന്നപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്തു. ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്കു കടന്നുവരാം. ശശീന്ദ്രന്‍ വരുന്നത് കോണ്‍ഗ്രസ് എസിന് കരുത്താകുമെന്നും കടന്നപ്പള്ളി പറഞ്ഞു. പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ എന്‍സിപി മുന്നണിവിട്ടേക്കുമെന്നും ശശീന്ദ്രന്‍ ഇടതുമുന്നണിക്കൊപ്പം തുടര്‍ന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, പാര്‍ട്ടി വിടുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു. ബോധപൂര്‍വമുള്ള ആരുടെയോ ഭാവനസൃഷ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാലാ സീറ്റ് വിട്ടുനല്‍കുന്നതില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം. എന്നാല്‍ യുഡിഎഫുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. മുന്നണിമാറ്റത്തെക്കുറിച്ച് തീരുമാനം പറയേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാണി സി കാപ്പന്‍. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റ് വിട്ടുനല്‍കില്ലെന്നാണ് മാണി സി കാപ്പന്‍ വിഭാഗം ആവര്‍ത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇക്കാര്യങ്ങള്‍ ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തി മുന്നണി മാറ്റം ഉള്‍പ്പെടെ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് മാണി സി കാപ്പന്‍ വിഭാഗം.


Next Story

Related Stories