Top

എസ്എഫ്ഐ മാർച്ചിന്റെ മുന്‍ നിരയിൽ വധശ്രമക്കേസിലെ ഒന്നാം പ്രതി, പിടികൂടാതെ പോലീസ്

എസ്എഫ്ഐ  മാർച്ചിന്റെ മുന്‍ നിരയിൽ വധശ്രമക്കേസിലെ ഒന്നാം പ്രതി, പിടികൂടാതെ പോലീസ്

പൊലീസുകാരെ ആക്രമിച്ചതിലുള്‍പ്പെടെയുള്ള കേസില്‍‌ പൊലീസ് തിരയുന്ന പ്രതിയുമായി എസ്എഫ്‌ഐയുടെ പോലീസ് സ്റ്റേഷൻ മാർച്ച്. യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഘർഷങ്ങളുടെ ഭാഗമായി എസ്എഫ്‌ഐക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയതിലും പ്രതിഷേധിച്ച് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർ‌ച്ചിലാണ് വധശ്രമക്കേസിലെ പ്രതിയായ കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ. റിയാസ് സജീവമായി പങ്കെടുത്തത്.

മുൻനിരയിൽ നിന്ന് എ റിയാസ് മാർച്ചിന് നേതൃത്വം നൽകിയ അതേ കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിട്ടുള്ളതും. കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനേയും കെ.എസ്.യു പ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് റിയാസ്.

ഡി.സി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. ചൊവ്വാഴ്ച പകൽ 11ഓടെ ആയിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയത്. മാർച്ചിന് ശേഷം നേതാക്കൾ അസിസ്റ്റന്‍ഡ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലും റിയാസ് പങ്കെടുക്കുകയും ചെയ്തു. പ്രതി തൊട്ടുമുന്നില്‍ വന്നിട്ടും അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസ് നടപടി വലിയ വിവാദമായിട്ടുണ്ട്.

തങ്ങളുടെ പ്രവർത്തരെ ആക്രമിച്ച കേസിൽ‌ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് കെ.എസ്.യു നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഈ ആരോപണം നിലനില്‍ക്കെയാണ് ഇത്തരമൊരു സംഭവം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നടന്നത്. എന്നാൽ വിഷയത്തില്‍ പൊലീസ് വിശദീകരണത്തിന് തയ്യാറായിട്ടില്ല.


Next Story

Related Stories