TopTop
Begin typing your search above and press return to search.

"കോൺഗ്രസ്സിന്റെ കത്തിനായി രാവിലെ 10 മുതൽ രാത്രി 7.30 വരെ ശരത് പവാർ കാത്തു"

"കോൺഗ്രസ്സിന്റെ കത്തിനായി രാവിലെ 10 മുതൽ രാത്രി 7.30 വരെ ശരത് പവാർ കാത്തു"

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ തങ്ങൾക്കുണ്ടായ അമാന്തത്തിന് കോൺഗ്രസ്സിനെ പഴിചാരി എൻസിപി നേതാവ് അജിത് പവാർ. ശരദ് പവാർ ഇക്കാര്യത്തിൽ ഏറെ അസ്വസ്ഥനാണെന്നും അജിത് പവാർ പറയുന്നതായി എൻഡിവി റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് അജിത് പവാറിന്റെ പ്രതികരണം വന്നിരിക്കുന്നത്.

കടുത്ത ആശയപരമായ വിയോജിപ്പ് പുലർത്തുന്ന ശിവസേനയുമായി സഖ്യം ചേരുന്നതിൽ കോണ്‍ഗ്രസ്സിന് വിമുഖതയുണ്ട്. കോൺഗ്രസ് നേതാക്കൾ ധാരാളമായി തീവ്രവലതു പക്ഷത്തേക്ക് ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കോൺഗ്രസ് ഈ നിലപാട് എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇപ്പോഴും എൻസിപിക്ക് വ്യക്തമായൊരു ചിത്രം കിട്ടിയിട്ടില്ല.

മുംബൈയിലേക്ക് കോൺഗ്രസ് നേതാക്കളെ അയയ്ക്കാൻ പാർട്ടിക്ക് നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് മാറ്റി വെക്കുകയും ശരദ് പവാറിനോട് ഡൽഹിക്ക് വരാൻ ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ തനിക്ക് എംഎൽഎമാരുമായി കൂടിക്കാഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശരദ് പവാർ സോണിയയെ കാണാൻ പോയില്ല. പകരം ഇരുവരും ഫോണിൽ സംസാരിച്ചു.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അഹ്മദ് പട്ടേലും ശരദ് പവാറിനെ വിളിച്ചിരുന്നു. എന്നാൽ ഈ വിളികളല്ലാത്തെ ഔദ്യോഗികമായ യാതൊരു നീക്കവും കോൺഗ്രസ്സിന്റെ ഭാഗത്തു നിന്നുണ്ടായില്ല. കഴിഞ്ഞദിവസം ശിവസേന ഗവർണർ ഭഗത് കോഷ്യാരിയെ നേരിൽച്ചെന്ന് കണ്ടപ്പോൾ കോൺഗ്രസ്സിന്റെ കത്ത് പക്കലുണ്ടായിരുന്നില്ല.

"ഇന്നലെ ഞങ്ങൾ‌ കോൺഗ്രസ്സിന്റെ കത്തിനു വേണ്ടി കാത്തിരുന്നു. രാവിലെ 10 മുതൽ രാത്രി 7.30 വരെ ശരദ് പവാർ, പ്രഫുൽ പട്ടേൽ എന്നിവരടങ്ങുന്ന നേതാക്കൾ കാത്തിരിക്കുകയായിരുന്നു. ശിവസേനയ്ക്ക് 7.30ന് കത്ത് സമർപ്പിക്കണമായിരുന്നു. കോൺഗ്രസ് പിന്തുണ നൽകാതെ ഞങ്ങൾക്കെങ്ങനെ നൽകാനാകും?" അജിത് പവാർ ചോദിക്കുന്നു.

ഇതെത്തുടർന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ആരുടെയും പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകളില്ലാതെ ഗവർണറെ കാണാൻ പോയി. അദ്ദേഹത്തോട് മൂന്നു ദിവസത്തെ സമയം കൂടി ചോദിച്ചു. പക്ഷെ അത് നിരസിക്കപ്പെട്ടു.

മുംബൈയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും ശിവസേനയുമായി ഏറ്റവും കയ്പ്പേറിയ അനുഭവങ്ങളാണ് കോൺഗ്രസ്സിനുള്ളത്. പ്രത്യശാസ്ത്രപരമായ പ്രശ്നങ്ങൾക്കപ്പുറമാണ് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിലുള്ള പ്രശ്നങ്ങൾ. പൊടുന്നനെയൊരു സഖ്യം തങ്ങൾക്ക് ദോഷം ചെയ്യുമെന്ന നിലപാടിലാണ് കോൺഗ്രസ് ഇപ്പോൾ.


Next Story

Related Stories