TopTop

'അവൾക്ക് പേടിയായിരുന്നു, പേരിനെ പോലും', ഫാത്തിമ ലത്തീഫ് മത വിദ്വേഷത്തിൻറെ ഇരയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

'രണ്ടുകാര്യങ്ങളാണ് എന്നെ ഫാത്തിമ ലത്തീഫിലേക്ക് ആകര്‍ഷിച്ചത്. ഒന്ന് നിരന്തരമായി സ്‌കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളില്‍ എത്തുന്നവളായിരുന്നു ഫാത്തിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദര്‍ഭത്തിലാണ്. അതേ കാലത്തുതന്നെ ഞാന്‍ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടില്‍ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങള്‍ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അവള്‍ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് ആയിരുന്നു.' മദ്രാസ് ഐഐടിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ഫാത്തിമ ലത്തീഫിനെ കുറിച്ച് സുഹൃത്തും മുന്‍വിദ്യാലയത്തിലെ അധ്യാപകനുമായ എം ഫൈസല്‍ പങ്കുവെച്ച വാക്കുകളാണിത്.

പുസ്തകങ്ങളെ മറ്റെന്തിനെക്കാളും, സ്‌നേഹിച്ച സാമൂഹ്യ വിഷയങ്ങളില്‍ അതീവ തല്‍പ്പരയായിരുന്ന ഫാത്തിമ ലത്തീഫിന് ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐഐടിയില്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് പ്രവേശനം ലഭിച്ചത് അഖിലേന്ത്യ തലത്തില്‍തന്നെ ഒന്നാം റാങ്കോടെയായിരുന്നു. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ട വിഷയത്തില്‍ പഠനം തുടങ്ങും മുന്‍പേ അത് അവസാനിപ്പിക്കേണ്ടി വന്നു അവള്‍ക്ക്. സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ഫോണില്‍ എഴുതിവെച്ച് ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവന്നു ഫാത്തിമ ലത്തീഫിന്.

മദ്രാസ് ഐഐടിയില്‍ എത്തിയത് മുതല്‍ മകള്‍ അധ്യാപകരില്‍ നിന്നും നിരന്തരം വിവേചനം നേരിട്ടിരുന്നുവെന്നും, 'തന്റെ പേര് തന്നെ ഒരു പ്രശ്നമാണെന്നും, ഫാത്തിമ ലത്തീഫ് എന്ന പെരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് വരുന്നത് അവിടുത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നുവെന്നും മകള്‍ പറഞ്ഞിരുന്നതായി പിതാവ് അബ്ദുള്‍ ലത്തീഫ് പറയുന്നു.

എന്റെ മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയം കൊണ്ടു തന്നെയാണ് മകളെ ബനാറസ് യൂണിവേഴ്സിറ്റിയില്‍ അയക്കാത്തിരുന്നതെന്നും മാതാവ് സ ജിത വെളിപ്പെടുത്തിയിരുന്നു.

ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനിലെത്തിയ ഇരട്ടസഹോദരി ആയിഷ ലത്തീഫും കുടുംബസുഹൃത്തായ ഷൈന്‍ദേവും സുഹൃത്തുക്കളുടെ ഫോണ്‍നമ്പറുകള്‍ക്കായി ഫാത്തിമയുടെ ഫോണ്‍ വേണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസ് നല്‍കിയ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന കുറിപ്പ് ഫോണിന്റെ സ്‌ക്രീന്‍ സേവറാക്കിയത് കണ്ടെത്തിയത്. ഒപ്പം ഫോണിലെ നോട്ടുകള്‍ പരിശോധിക്കണമെന്നും എഴുതിയിരുന്നു.

തമിഴ്‌നാട് പൊലീസിന് പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പോലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ നശിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. തമിഴ്‌നാട് പോലീസിന്റെ ഭാഗത്തുനിന്ന് സഹകരണമോ ശരിയായ വിധത്തിലുള്ള അന്വേഷണമോ ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വിഷയം അതീവഗുരുതരം ആണെന്നും എത്രയും പെട്ടെന്ന് നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എല്‍.എ.മാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഈ മാസം ഒമ്പതിനാണ് കൊല്ലം സ്വദേശി ഫാത്തിമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത രീതിയില്‍ മാനസിക സമ്മര്‍ദ്ദം നല്‍കുന്ന അന്തരീക്ഷമാണ് ഐഐടിയിലുള്ളതെന്നും ജാതീയവും, മതപരവുമായ,സാമ്പത്തികവുമായ അധിഷേപങ്ങള്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തരം നേരിടേണ്ടി വരുന്നുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒറ്റ വര്‍ഷത്തിനിടയില്‍ അഞ്ച് വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. അതില്‍ രണ്ടുപേര്‍ മലയാളികളാണ്.Next Story

Related Stories