പൊതു വിദ്യാലയങ്ങളില്‍ സമ്പൂര്‍ണമായി സ്മാര്‍ട് ക്ലാസ് റൂം ഒരുക്കുവന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവകരമായ വികസനം വിജയകരമായി നടപ്പാക്കിയത് സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സംസ്ഥാന സര്ക്കാകാറിന്റെ 100 ദിവസം നൂറ് പദ്ധതികള്‍ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രഖ്യാപനം.
സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനമാണ് വിദ്യാഭ്യാസം, അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളില്‍ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു സാങ്കേതിക വത്കരണമെന്ന് വ്യക്തമാക്കിയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്.
ആദ്യഘട്ടത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിന്റെ നേതൃത്വത്തില്‍ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയായതോടെയാണ് വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന നിലയിലേക്ക് മാറുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളുടെ പഠന സൗകര്യങ്ങളിലുണ്ടായ ഈ കുതിച്ചു ചാട്ടത്തോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അവസാനിച്ചു. മാത്രമല്ല അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതു വിദ്യാലയങ്ങളില്‍ എത്തി. സമൂഹത്തിലെ സാധാരണക്കാര്‍ക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുക എന്ന സര്‍ക്കാരിന്റെ നിലപാടിന്റെ ഫലമാണ് ഈ മാറ്റമെന്നും വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെട്ടു.. വിദ്യാഭ്യാസ വകുപ്പിനും കൈറ്റിനും കിഫ്ബിക്കും ഒപ്പം ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നമ്മുടെ പൊതു സമൂഹം, കുട്ടികള്‍, എല്ലാവരുടേയും പരിശ്രമത്തിലാണ് കേരളം ഈ അഭിമാന നേട്ടം സ്വന്തമാക്കിയതെന്നും വകുപ്പ് വ്യക്തമാക്കുന്നു.