TopTop

ഇന്നും ചൂട് കൂടാൻ സാധ്യത, നാല്‌ ജില്ലകൾക്കുകൂടി മുന്നറിയിപ്പ്

ഇന്നും ചൂട് കൂടാൻ സാധ്യത, നാല്‌ ജില്ലകൾക്കുകൂടി മുന്നറിയിപ്പ്

സംസ്ഥാനത്തെ ദിനാന്തര താപനിലയിൽ ഇന്നും വർദ്ധനയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രധാനമായും നാല്‌ ജില്ലകൾക്കാണ് ഇന്നത്തെ മുന്നറിയിപ്പ്. കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച രണ്ടുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂടുകൂടുമെന്നാണ് അറിയിച്ചു. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകൾക്കായിരുന്നു വെള്ളിയാഴ്ച മുന്നറിയിപ്പ് ഉണ്ടായത്. കടൽക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതിനൊപ്പം വരണ്ട കിഴക്കൻകാറ്റും അന്തരീക്ഷത്തിലെ ആർദ്രതയുമാണ് ചൂട് കൂടാനുള്ള കാരണമായി വിലയിരുത്തുന്നത്.

ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടുതലായതിനാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ജാഗ്രതവേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. സൂര്യാഘാതവും മറ്റുമുണ്ടാകാതിരിക്കാൻ ജാഗ്രതപാലിക്കണം. വെള്ളിയാഴ്ച ആലപ്പുഴയിൽ 37.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് ദീർഘകാല ശരാശരിയിൽ 4.6 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്നാണ് വിലയിരുത്തൽ. 25.8 ഡിഗ്രിസെൽഷ്യസ് ആയിരുന്നു രാവിലെയുള്ള കുറഞ്ഞ താപനില ഇത് 2.5 ഡിഗ്രിസെൽഷ്യസ് കൂടുതലാണ്.

മുന്നറിയിപ്പ് നിലനിന്നിരുന്ന കോട്ടയത്ത് 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു വെള്ളിയാഴ്ച പകൽതാപനില. പതിവിലും 3.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ. കുറഞ്ഞ താപനില 24.2 ഡിഗ്രി സെൽഷ്യസ്. എന്നാൽ തിരുവനന്തപുരത്ത് കാര്യമായ വർധനയുണ്ടായില്ല. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കഴിഞ്ഞ ദിവസം ചൂട് കൂടുതൽ അനുഭവപ്പെട്ടു. കണ്ണൂരിൽ 37.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽ താപനില. 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. കൊല്ലം പുനലൂരിൽ 36.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതുംശരാശരിയിൽനിന്ന് 1.3 ഡിഗ്രി സെൽഷ്യസ് അധികമാണ്.‌

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങളും പുറത്തിറക്കി. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. *സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള നിർദേശങ്ങള്‍ ഉൾപ്പെടെയാണ് അതോറിറ്റി പങ്കുവച്ചത് .

-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.

-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.

- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

- ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട്‌ ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.

-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.

-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.


Next Story

Related Stories