Top

സ്വന്തം ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് / വീഡിയോ

വട്ടിയൂര്‍കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോര്‍ഡുകളും ഫ്‌ളക്‌സുകളും തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നഗരസഭ നീക്കം ചെയ്തുതുടങ്ങി. ശാസ്തമംഗലം ജംക്ഷനില്‍ നടപ്പാതകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായ രീതിയില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ ഉള്‍പ്പടെ നീക്കം ചെയ്താണ് നടപടിക്ക് തുടക്കമായത്. സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നേരിട്ട് എത്തിയാണ് വികെ പ്രശാന്ത് നീക്കം ചെയ്തത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും ഒക്കെ പ്രചരണ ബോര്‍ഡുകളും മാറ്റിതുടങ്ങി.

'തിരഞ്ഞെടുപ്പിന് ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റ് കമാനങ്ങളുമൊക്കെ തന്നെ മാറ്റുന്ന പക്രിയ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ബന്ധപ്പെട്ടവര്‍ക്ക് ഈ ബോര്‍ഡുകള്‍ എടുത്തുമാറ്റുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് റോഡിലും നടപ്പാതകളിലും അവശേഷിക്കുന്ന ബോര്‍ഡുകളും മറ്റുമാണ് നഗരസഭയുടെ ജീവനക്കാരും നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്ന ആള്‍ക്കാരും ചേര്‍ന്ന് എടുത്തുമാറ്റുന്നത്. മറ്റുപാര്‍ട്ടികള്‍ മാറ്റാത്ത ബോര്‍ഡുകള്‍ നഗരസഭ നേരിട്ട് മാറ്റും." നടപടിയെക്കുറിച്ച് വികെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

"ഞങ്ങള്‍ (എല്‍ഡിഎഫ്) ഉപയോഗിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും ഗ്രോ ബാഗുകളാക്കി കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ സ്വാഗതം ചെയ്ത് ജനങ്ങള്‍ തന്ന തോര്‍ത്തും ഷാളും ഒക്കെ നഗരസഭയുടെ വൃദ്ധ സദനത്തിലേക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുപോലെ ലഭിച്ച പുസ്തകങ്ങളും പേനകളുമൊക്കെ നഗരത്തിലെ അനാഥായലയങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു.

ഇത് ഒരു തുടക്കമാവട്ടെ.. എല്ലാ പാര്‍ട്ടിക്കാരും സഹകരിക്കാന്‍ തയ്യറാവണം അവര്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബോര്‍ഡുകളും മറ്റും പൊതുനിരത്തുകളില്‍ നിന്ന് മാറ്റുന്നതിന് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങലില്‍ അമ്പതിനായിരത്തില്‍ പരം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നഗരസഭ സജീവമായി മുന്നോട്ട് കൊണ്ടു പോകും."


തിരുവനന്തപുരത്തെ മാലിന്യ സംസ്കരണത്തിലെ ഇപ്പോഴത്തെ വലിയ പ്രശ്‌നം ഒരുതവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക്കാണെന്നാണ് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകനായ സൈക്കിള്‍ പ്രകാശന്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളും നഗരത്തിലെ ഫ്ലക്സുകള്‍ നീക്കം ചെയ്യാന്‍ നഗരസഭയ്‌ക്കൊപ്പം എത്തിയിരുന്നു. ' ഇവിടുത്തെ വലിയ പ്രശ്‌നം ഒരുതവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക്കാണ്. അത് പ്ലാസ്റ്റിക് കപ്പോ, പ്ലേറ്റോ, ഫ്‌ളക്‌സുകളോ ഒക്കെയാണ്. വെള്ളക്കെട്ടിന് പ്രധാന കാരണം ഇത്തരം മാലിന്യങ്ങളാണ്. പലപ്പോഴും ആളുകള്‍ ഇത്തരം പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്നത് തോടുകളിലേക്കൊക്കെയാണ്. അത് തടസമായി വന്ന് വെള്ളക്കെട്ട് ഉണ്ടാവും. ഫ്‌ളക്‌സ് മാലിന്യങ്ങളാണ് ഏറിയ പങ്കും. ഇപ്പോള്‍ ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മ്മാണ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെടുന്നുവെന്ന് കാണിച്ച് നടത്തുന്ന സമരത്തില്‍ കാര്യമില്ല. ഫ്‌ളക്‌സിന് പകരം കാന്‍വാസില്‍ ചെയ്യാം. ഇതില്‍ ചെയ്യണമെങ്കില്‍ ഇതേ തൊഴിലാളികള്‍ തന്നെ വേണമല്ലോ..

ഫ്‌ളക്‌സ് പൂര്‍ണമായും നിരോധിച്ചാല്‍ എല്ലാവരും കാന്‍വാസിലേക്ക് മാറും. അങ്ങനെയാകുമ്പോ ഈ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ല. ഫ്‌ളക്‌സില്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കണ കാര്യമില്ലല്ലോ?.. ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തിലുള്ള സംഘം പലപ്പോഴും നഗരസഭയുമായി ചേര്‍ന്ന് ഫ്‌ളക്‌സ് ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യാറുണ്ട്.

ഗ്രീന്‍ ആര്‍മി ഇപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ചും ഒക്കെയുള്ള ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. കൂടാതെ കംമ്പോസ്റ്റിങ്ങിനെക്കുറിച്ച് പഠിപ്പിക്കുകയും ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം നല്‍കുകയും ചെയ്യുന്നുണ്ട്.' സൈക്കിള്‍ പ്രകാശന്‍ പറഞ്ഞു നിര്‍ത്തി.


Next Story

Related Stories