TopTop
Begin typing your search above and press return to search.

ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ വര്‍ഗീയ കലാപമുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണി; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മാപ്പ് പറഞ്ഞ് ഖുശ്ബു

ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ വര്‍ഗീയ കലാപമുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണി; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മാപ്പ് പറഞ്ഞ് ഖുശ്ബു

കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയെ വര്‍ഗീയ കലാപമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണി മുഴക്കിയ ട്രിപ്ലിക്കേന്‍ സ്വദേശികളായ പുരുഷോത്തമന്‍ (32), ഭാസ്‌കര്‍ (30) എന്നിവരാണ് പിടിയിലായത്. പുരുഷോത്തമന്‍ ബിജെപിയുടെ ട്രിപ്ലിക്കേന്‍ സെക്രട്ടറിയും ഭാസ്‌കരന്‍ ട്രിപ്ലിക്കേന്‍ വെസ്റ്റ് സെക്രട്ടറിയുമാണ്. സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകനായ സൂര്യ ഒളിവിലാണ്.

ചെന്നൈയില്‍ ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. മുഹമ്മദ് അബൂബക്കര്‍ എന്നയാളുടെ ഹോട്ടലില്‍ രാത്രി ഏറെവൈകിയാണ് മൂവര്‍ സംഘം എത്തിയത്. മദ്യപിച്ചെത്തിയ ഇവര്‍ ചിക്കന്‍ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. എന്നാല്‍ കട അടയ്ക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും സംഘം അതിന് സമ്മതിച്ചില്ല. ബിജെപി പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഭക്ഷണം പാകംചെയ്യിച്ചു. ഭക്ഷണം കഴിച്ചശേഷം ബില്‍ നല്‍കിയപ്പോള്‍ പണം നല്‍കാന്‍ തയ്യാറായില്ല. അബൂബക്കര്‍ അത് ചോദ്യം ചെയ്തതോടെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്സണല്‍ സെക്രട്ടറിയെ വിളിക്കും. താന്‍ വിളിച്ചാല്‍ വരാന്‍ ആയിരംപേര്‍ തയ്യാറായിരിക്കുകയാണ്. വര്‍ഗീയ കലാപമുണ്ടാക്കും. ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അബൂബക്കര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

ബിജെപി നേതാക്കളാണെന്നപേരില്‍ പണംനല്‍കാതെ ട്രിപ്ലിക്കേനിലും ഐസ്ഹൗസിലുമുള്ള ഹോട്ടലുകളില്‍നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുന്നത് പതിവാണെന്നും പറയപ്പെടുന്നു. ഇതേകടയില്‍നിന്ന് കഴിഞ്ഞയിടെ 850 രൂപയ്ക്ക് ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ പോയിരുന്നു. ഈസംഭവത്തില്‍ അബൂബക്കര്‍ നല്‍കിയ പരാതിയിലാണ് പുരുഷോത്തമനെയും ഭാസ്‌കറെയും അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സൂര്യയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.

അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കിയതില്‍ ക്ഷമചോദിക്കുന്നതായി പാര്‍ട്ടി നേതാവും നടിയുമായ ഖുശ്ബു പ്രതികരിച്ചു. അവര്‍ മദ്യപിച്ചിരുന്നതായാണ് മനസ്സിലാക്കുന്നത്. ഇത്തരം രീതികള്‍ ബിജെപി അംഗീകരിക്കില്ലെന്നും അതിക്രമത്തിന് മാപ്പുചോദിക്കുന്നതായും അവര്‍ പറഞ്ഞു.


Next Story

Related Stories