TopTop
Begin typing your search above and press return to search.

നട്ടെല്ലിനു കാന്‍സര്‍, നടക്കുന്നത് വടി കുത്തിപ്പിടിച്ച്, എന്നിട്ടും സനല്‍ കൊല്ലാനിറങ്ങി

നട്ടെല്ലിനു കാന്‍സര്‍, നടക്കുന്നത് വടി കുത്തിപ്പിടിച്ച്, എന്നിട്ടും സനല്‍ കൊല്ലാനിറങ്ങി

തൃശൂര്‍ അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന സനല്‍ കാന്‍സര്‍ രോഗി. നട്ടെല്ലിനു രോഗം ബാധിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വടി കുത്തിപ്പിടിച്ചായിരുന്നു സനല്‍ നടന്നിരുന്നത്. ഈ അവസ്ഥയില്‍ തന്നെയായിരുന്നു നിധിലിന്റെ കൊലപാതകത്തില്‍ ഇയാള്‍ പങ്കാളിയായതും. കൊലയാളി സംഘം എത്തിയ വാഹനം ഓടിച്ചിരുന്നത് സനലായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നിധിലിനെ സനലും വെട്ടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്നവരുടെ ആയുധം കൊണ്ട് സനലിന്റെ വിരല്‍ അറ്റു തൂങ്ങി.

നിധിലിന്റെ മരണം ഉറപ്പാക്കിയശേഷം അക്രമികള്‍ വന്ന വാഹനത്തില്‍ തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാര്‍ട്ട് ആയില്ല. തുടര്‍ന്ന് അതുവഴി വന്ന ഒരു കാറ്ററിംഗ് വാഹനം ആയുധങ്ങള്‍ കാട്ടി തടഞ്ഞു നിര്‍ത്തി. വാഹനം ഓടിച്ചിരുന്നയാള്‍ അക്രമികളെ കണ്ട് ഇറങ്ങയോടി. തുടര്‍ന്ന് കൊലയാളികള്‍ ആ വാഹനം കൈക്കലാക്കി രക്ഷപ്പെട്ടു. ഇതിനിടയില്‍ സനലിനെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കയച്ചു. തൃശൂര്‍ പാവറട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് സനല്‍ എത്തിയത്. അപകടത്തില്‍ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞത്. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് ഇയാളെ റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനലിനെ അടുത്ത ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

ഇതിനിടയില്‍ സനലിനെ കുറിച്ചുള്ള വിവരം നാട്ടുകാരില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. കൊലയാളി സംഘത്തില്‍ ഒരാള്‍ വടികുത്തിപ്പിടിച്ചായിരുന്നു നടന്നിരുന്നതെന്നും ഇയാള്‍ക്ക് പരിക്കേറ്റിരുന്നുവെന്നുമുള്ള വിവരമാണ് പൊലീസിന് സനലിലേക്ക് എത്താന്‍ സഹായകമായത്. വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനല്‍ ആണെന്ന കാര്യം അന്തിക്കാട് പൊലീസിന് നേരത്തെ തന്നെ അറിയാമായിരുന്നു. തുടര്‍ന്ന് ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷണം നടത്തി. ആ അന്വേഷണം സനലിനെ പ്രവേശിച്ച ആശുപത്രിയിലുമെത്തി. പൊലീസ് അവിടെ എത്തുമ്പോള്‍ വാരന്തയില്‍ കൂടി വോക്കറിന്റെ സഹായത്തോടെ നടന്നു വരുന്ന സനലിനെ കണ്ടു. ചോദ്യം ചെയ്യലില്‍ സനല്‍ കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരുവിവരങ്ങള്‍ സനലില്‍ നിന്നാണ് പൊലീസ് അറിയുന്നത്. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ സനല്‍ പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. സനലിനെ കൂടാതെ, ശ്രീരാഗ്, വിനായകന്‍, അഖില്‍, സായിഷ്, സന്ദീപ് എന്നിവരാണ് നിധിലിനെ കൊലപ്പെടുത്തിയ സംഘത്തിലുള്ള മറ്റുള്ളവര്‍. ഇവരില്‍ ശ്രീരാഗിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

മഴുവും വാളും കാണിച്ച് ഭയപ്പെടുത്തി; സിനിമ സ്റ്റൈലില്‍ വാഹനം തട്ടിയെടുക്കല്‍

സനല്‍ ഓടിച്ചിരുന്ന കാറിലായിരുന്നു കൊലയാളി സംഘം നിധിലിനെ തേടിയെത്തിയത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ നോക്കുന്നതിനിടയിലാണ് വാഹനം സ്റ്റാര്‍ട്ട് ആകെ വന്നത്. ഈ സമയമാണ് ഒരു കാര്‍ അതുവഴി വന്നത്. ഉടന്‍ തന്നെ അക്രമികള്‍ വാളും മഴുവും കാണിച്ച് കാര്‍ തടഞ്ഞു നിര്‍ത്തി. കാറ്ററിംഗ് സര്‍വീസുകാരന്റെ വാഹനമായിരുന്നുവത്. അക്രമികളെ കണ്ട ഇയാള്‍ പേടിച്ച് വാഹനം ഉപേക്ഷിച്ചു ഓടി. തട്ടിയെടുത്ത കാറിലാണ് അക്രമി സംഘം പിന്നീട് സഞ്ചരിച്ചത്. ഇതിനിടയില്‍, വിരല്‍ അറ്റ സനലിനെ ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. പകുതി വഴിയില്‍ വച്ച് ഈ കാറും സംഘം ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു വാഹനത്തില്‍ ഇവര്‍ കൊച്ചിയിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. തട്ടിയെടുത്ത വാഹനത്തിന്റെ ഇന്ധനം കുറവാണെന്ന് മനസിലായതോടെയാണ് മറ്റൊരു വാഹനത്തില്‍ കൊച്ചിയിലേക്ക് അക്രമികള്‍ കടന്നതെന്നാണ് പൊലീസ് പറയുന്നത്. അക്രമികള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന അനുമാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗിനെ പിടികൂടുന്നത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിധിലിനെ കാത്തിരുന്നു കൊലപ്പെടുത്തി

സിപിഎം പ്രവര്‍ത്തകനായിരുന്ന താന്ന്യം ആദര്‍ശിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു നിധില്‍. ഇതിന്റെ പ്രതികരമായിട്ടാണ് നിധിലിനെയും കൊല്ലുന്നത്. ആദര്‍ശ് വധക്കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നിധില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമായിരുന്നു. ഇക്കാര്യം പ്രതികള്‍ക്ക് അറിയാമായിരുന്നു. ചേര്‍പ്പിലെ ഒരു വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രതികള്‍ പാലിയേക്കരയില്‍ നിന്നും ഒരു കാര്‍ വാടകയ്ക്ക് എടുത്താണ് നിധിലിനെ തേടി പോയത്. അന്തിക്കാട് സ്‌റ്റേഷന്‍ പരിസരത്ത് വച്ച് നിധിലിനെ അക്രമി സംഘം കണ്ടെങ്കിലും ആ സമയം നിധിലിനൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അവിടെ വച്ച് കൃത്യം നടത്താതെ പിന്‍വാങ്ങി. കുറച്ചു സമയം ഒരിടത്ത് വിശ്രമിച്ചശേഷം വീണ്ടും അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തേക്ക് തന്നെ തിരിച്ചു ചെന്നു. മാങ്ങാട്ടുകരയില്‍ എത്തിയപ്പോള്‍ നിധിലിന്റെ കാര്‍ എതിരെ വരുന്നത് കണ്ടു. വാഹനത്തില്‍ നിധില്‍ മാത്രമെയുള്ളൂവെന്നു മനസിലാക്കിയതോടെ അക്രമിസംഘം സഞ്ചരിച്ച കാര്‍ വേഗത്തില്‍ കൊണ്ടു ചെന്ന് നിധിലിന്റെ കാറില്‍ ഇടിപ്പിച്ചു. കാറില്‍ നിന്നും ഇറങ്ങിയോടാന്‍ശ്രമിച്ച നിധിലിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയശേഷമാണ് അക്രമികള്‍ മടങ്ങിയത്.


Next Story

Related Stories