TopTop
Begin typing your search above and press return to search.

'അവനെ എന്തിനാണ് ഞങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തത്?' സനൂപിനെയോര്‍ത്ത് വിതുമ്പി പുതുശ്ശേരി കോളനി

അവനെ എന്തിനാണ് ഞങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തത്?  സനൂപിനെയോര്‍ത്ത് വിതുമ്പി പുതുശ്ശേരി കോളനി

'ഏത് പാതിരാത്രിക്കും ആരു വിളിച്ചാലും അവന്‍ കൂടെ ഇറങ്ങിച്ചെല്ലുമായിരുന്നു. ഇത്തവണയും അങ്ങനെ പോയതാണ്...' വാക്കുകള്‍ മുഴുമിപ്പിക്കാതെ വിങ്ങുകയാണ് പുതുശ്ശേരി കോളനിക്കാര്‍. ഈ കോളനിയിലെ 54 കുടുംബങ്ങള്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു സനൂപ്. 'ഇവിടുത്തെ ഓരോ വീടും അവന് സ്വന്തം വീടുപോലെയായിരുന്നു, തിരിച്ചും അങ്ങനെ തന്നെ. എന്റെ വീട്ടിലെ കുട്ടിയെന്നാണ് ഓരോരുത്തരും സനൂപിനെ കുറിച്ച് പറയുന്നത്. എതിരാളികള്‍ അവന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചതിനു കാരണവും അതു തന്നെ. 26 വയസില്‍ ഇത് രണ്ടാം തവണയാണ് സനൂപ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എനിക്ക് 54 വയസായി. പ്രായം കൊണ്ട് എത്രയോ ഇളയവനാണ്. പക്ഷേ എന്നെപ്പോലുള്ളവര്‍പോലും ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സഖാവായിരുന്നു സനൂപ്; പുതുശ്ശേരി കോളനി നിവാസിയും സനൂപിന്റെ അയല്‍വാസിയുമായ രവി പുതുശ്ശേരിക്കും സംസാരിക്കുമ്പോള്‍ വാക്കുകള്‍ ഇടറുകയാണ്. ഞായറാഴ്ച്ച രാത്രിയാണ് കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി യു സനൂപ് കൊല്ലപ്പെടുന്നത്. ബിജെപി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് സനൂപിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.

ചെറു പ്രായത്തിലെ സനൂപിന് മാതാപിതാക്കള്‍ നഷ്ടപ്പെട്ടിരുന്നു. വല്യമ്മയുടെ സംരക്ഷണയിലായിരുന്നു പിന്നീടുള്ള ജീവിതം. പുതുശ്ശേരി കോളനിയിലെ ഒരു ചെറിയ വീട്ടില്‍ വല്യമ്മയുടെ മകന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. നാട്ടുകാരും കോളനിക്കാരുമായിരുന്നു അവന് എല്ലാം. ആര്‍ക്കു വേണമെങ്കിലും എന്തു പ്രശ്‌നവും അവനോട് ചെന്നു പറയാം. അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടേ പിന്തിരിയൂ. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം കൂലിപ്പണിക്കും പോകും. അതായിരുന്നു അവന്റെ ജീവിതമാര്‍ഗം. പണി കഴിഞ്ഞ് വന്നതാണെങ്കിലും വീട്ടിലിരുന്ന് വിശ്രമിക്കാനൊന്നും അവന് സമയം കിട്ടിയിരുന്നില്ല. ആരെങ്കിലും എന്തെങ്കിലും ആവശ്യവുമായി വരും, അവര്‍ക്കൊപ്പം പോകും. 26 വയസില്‍ ഒരാള്‍ ഇത്രയും ജനകീയനവാണണെങ്കില്‍ അതില്‍ നിന്നും മനസിലാക്കാം സനൂപ് എങ്ങനെയുള്ള വ്യക്തിയായിരുന്നുവെന്ന്; രവി പറയുന്നു.

കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്കും മുമ്പും സനൂപ് വീടുകള്‍ കയറിയിറങ്ങി നടക്കുകയായിരുന്നു. പിറ്റേ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യാനുള്ള പൊതിച്ചോറുകള്‍ക്കായി. 600 പൊതിച്ചോറുകളായിരുന്നു പറഞ്ഞിരുന്നു. നല്‍കാമെന്നേറ്റവരുടെയെല്ലാം വീട്ടില്‍ ഒരിക്കല്‍ കൂടി ചെന്ന് ഉറപ്പിക്കുകയായിരുന്നു. നാളെ രാവിലെ ഒമ്പത് മണിക്ക് വന്ന് ചോറ് പൊതികള്‍ വാങ്ങിക്കോളാം എന്നറിയിച്ച് യാത്ര പറഞ്ഞു പോയ സനൂപിനെ പിന്നെ അവരെല്ലാം കാണുന്നത് നിശ്ചല ശരീരമായാണ്.' ഞങ്ങള്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യമാണ് നടന്നിരിക്കുന്നത്. ഞങ്ങളോടെല്ലാം സംസാരിച്ച് പിരിഞ്ഞവനാണ് ഇല്ലാതായിരിക്കുന്നത്. എന്തിനാണ് അവനെ ഞങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തത്. ഇവിടുത്തെ ഓരോ മനുഷ്യരുടെയും വേദനയും വിലാപങ്ങളും നിങ്ങള്‍ കണ്ടിരിക്കാം, ഹൃദയം പൊട്ടിയാണ് ഞങ്ങളെല്ലാം നില്‍ക്കുന്നത്. ഇനിയിതുപോലൊരാള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടാകുമോ? രവി പുതുശ്ശേരി വേദനയോടെ സ്വയം ചോദിക്കുകയാണ്.

നാടും നാട്ടുകാരുമായിരുന്നു സനൂപിന് എന്നും വലുതെന്നാണ് രവി പറയുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് അവന്‍ ആലോചിച്ചിരുന്നില്ല. ഒരു വിവാഹം കഴിക്കുന്ന കാര്യം പറയുമ്പോള്‍ ആദ്യമൊക്കെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. ഒരു കൂട്ട് അവനും വേണ്ടേ എന്നു കരുതിയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നത്. കുറച്ചു കാലമായി അനുകൂല തീരുമാനം അവന്റെ ഭാഗത്ത് നിന്നും ഉണ്ടായി വന്നിരുന്നു. രണ്ട് വര്‍ഷം കൂടി കഴിയട്ടെ, അപ്പോഴേക്കും ചെറിയൊരു സെറ്റപ്പില്‍ എത്താന്‍ കഴിയുമായിരിക്കും, എന്നിട്ട് വിവാഹം നോക്കാമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, അവന്‍ പോയി..


Next Story

Related Stories