TopTop
Begin typing your search above and press return to search.

കെ കെ മഹേശന്‍ 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി, പിടിക്കപ്പെടുമെന്നായപ്പോള്‍ വെള്ളാപ്പള്ളിയെ കുടുക്കാന്‍ കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു; ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി

കെ കെ മഹേശന്‍ 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി, പിടിക്കപ്പെടുമെന്നായപ്പോള്‍ വെള്ളാപ്പള്ളിയെ കുടുക്കാന്‍ കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു;  ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി

ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ മുന്‍ പ്രസിഡന്റ് കെ കെ മഹേശനൈതിരെ ഗുരുതര ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്ന മഹേശന്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാണ് തുഷാറിന്റെ ആരോപണം. ഈ ക്രമക്കേടുകള്‍ പിടിക്കപ്പെട്ടതോടെയാണ് വെള്ളാപ്പള്ളി നടേശനെ കുടുക്കാനുള്ള ഉദ്ദേശ്യത്തോടെ ആതമഹത്യ കുറിപ്പ് എഴുതിവച്ച് മഹേശന്‍ തൂങ്ങിമരിച്ചതെന്നാണ് തുഷാര്‍ പറയുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ കാര്യം മഹേശന്‍ തന്നോട് തുറന്നു പറഞ്ഞതായും തുഷാര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെയും മാനേജര്‍ കെ എല്‍ അശോകന്റെയും പേരുകള്‍ തന്റെ മരണകാരണമായി പറയുന്ന കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തു വന്നിരിക്കുന്നത്. കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച്ചയാകുമ്പോഴാണ് ഇതാദ്യമായി വെള്ളാപ്പള്ളി നടേശനെ പ്രതിരോധിച്ച് തുഷാര്‍ മുന്നോട്ടു വരുന്നതും. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കെ കെ മഹേശന്‍ എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്. മഹേശന്റെ മരണശേഷം ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞത് മൈക്രോഫിനാന്‍സ് കേസില്‍ മഹേശന്‍ ഒരു കേസിലും പ്രതിയല്ലാ എന്നായിരുന്നു. എന്നാലിപ്പോള്‍ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ കൂടി വെള്ളാപ്പള്ളിയുടെ പേര് ഉണ്ടെന്നു തെളിഞ്ഞതോടെയാണ് മഹേശന്‍ ആണ് മൈക്രോഫിനാന്‍സ് തട്ടിപ്പിലെ പ്രധാന പ്രതിയെന്ന തരത്തില്‍ ആരോപണവുമായി തുഷാര്‍ വരുന്നത്.

15 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ മഹേശന്‍ നടത്തിയിട്ടുണ്ടെന്നാണ് തുഷാര്‍ പറയുന്നത്. താന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ മറച്ചു വയ്ക്കാനുള്ള കഥയായിരുന്നു മരണത്തിനു മുമ്പ് മഹേശന്‍ എഴുതിയ കത്തെന്നും തുഷാര്‍ കുറ്റപ്പെടുത്തി. തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് കെ കെ മഹേശനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്; കെ കെ മഹേശന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടുകളാണ് നടന്നത്. കണിച്ചു കുളങ്ങര ക്ഷേത്രത്തിലും വന്‍ തട്ടിപ്പ് നടന്നു. 23 സംഘങ്ങളുണ്ടാക്കി ഒരു കോടി രൂപയുടെ ക്രമക്കേട് മൈക്രോഫിനാന്‍സില്‍ മഹേശന്‍ നടത്തി. ഇതിനെല്ലാം എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരുവാക്കുകയാണ് ചെയ്തത്. ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളില്‍ മഹേശന്‍ ക്രമക്കട് നടത്തിയിട്ടുണ്ട്. പണം എടുത്ത കാര്യം മഹേശന്‍ എന്നോട് സമ്മതിച്ചിരുന്നു. 15 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. എന്നാല്‍ ഐശ്വര്യ ട്രസ്റ്റില്‍ ക്രമക്കേടില്ല. 42 ശതമാനം പലിശയ്ക്ക് പണം നല്‍കിയിട്ടുമില്ല.

കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേടുകളെക്കുറിച്ച് വെള്ളാപ്പള്ളി ചോദിച്ച് തുടങ്ങിയപ്പോഴാണ് മഹേശന്‍ എതിരായത്. കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേട് അന്വേഷിക്കണം. 14 വര്‍ഷം മാത്രമാണ് മഹേശന്‍ വെള്ളാപ്പള്ളിയുമായി അടുത്ത് പ്രവര്‍ത്തിച്ചത്. വെള്ളാപ്പള്ളിക്കു വേണ്ടി മഹേശന്‍ കള്ളഷാപ്പ് നടത്തിയെന്ന ആരോപണം തെറ്റാണ്. കള്ളുഷാപ്പുകള്‍ എല്ലാം നടത്തിയിരുന്നത് മറ്റുള്ളവരുമായി ചേര്‍ന്നായിരുന്നു.

മഹേശന്‍ മരണക്കുറിപ്പില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏത് ഏജന്‍സി അന്വേഷിക്കുന്നതിനോടും വിരോധമില്ല. പണം മോഷ്ടിച്ച് പിടിക്കപ്പെടുമെയാപ്പോള്‍ ആണ് മഹേശന്‍ ആത്മഹത്യ ചെയ്തത്. ഇതെല്ലാം മറച്ചുവച്ച് കഥയുണ്ടാക്കി ആത്മഹത്യക്കുറിപ്പ് എഴുതിവച്ചു. ഇതിലൂടെ ജനറല്‍ സെക്രട്ടറിയെ കുടുക്കാനായിരുന്നു മഹേശന്റെ നീക്കം.

36 പേജുകളിലായി വെള്ളാപ്പള്ളി നടേശന് എഴുതിയ കത്തില്‍ കെ കെ മഹേശന്‍ ഉന്നയിച്ച ആരോപണങ്ങളും വിഷയങ്ങളും എല്ലാം പാടെ നിഷേധിച്ചാണ് തുഷാര്‍ സംസാരിച്ചിരിക്കുന്നത്. കണിച്ചുകുളങ്ങര ദേവസ്വത്തില്‍ അടക്കം വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് മഹേശന്‍ കത്തില്‍ പറയുന്നത്. തുഷാര്‍ വെള്ളാപ്പള്ളി ക്രമക്കേടില്ലെന്നു പറയുന്ന ഐശ്വര്യ ട്രസ്റ്റിനെതിരെയാണ് മഹേശന്‍ ഗുരുതരമായ ആക്ഷേപം ഉന്നയിച്ചിരുന്നത്. കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പണം ഐശ്വര്യ ട്രസ്റ്റ് വഴിയാണ് വെള്ളാപ്പള്ളി തട്ടിയെടുക്കുന്നതെന്നായിരുന്നു മഹേശന്റെ ആരോപണം. 'ഐശ്വര്യ ട്രസ്റ്റിന് ടേണോവര്‍ ഉണ്ടായിരുന്നിട്ടും ലാഭമില്ല. ട്രസ്റ്റില്‍ നിന്നും നല്‍കിയിരുന്ന വായ്പ്പ്ക്ക് 42 ശതമാനം വരെ പലിശ വാങ്ങിയിരുന്നു. ഇതനുസരിച്ച് കോടികള്‍ ട്രസ്റ്റിന് ലാഭം ഉണ്ടാകേണ്ടതും ആ പണം ദേവസ്വത്തിന് മുതല്‍ക്കൂട്ട് ആകേണ്ടതുമായിരുന്നു. എന്നാല്‍ ട്രസ്റ്റിന് കോടികളുടെ നഷ്ടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ കാരണങ്ങള്‍; പലിശ കിട്ടിയ തുക പൂര്‍ണമായി വരവ് വച്ചിട്ടില്ല. 82 പേരുടെ ലോണ്‍ എഴുതിത്തള്ളി. നിരവധി പേരുടെ ലോണ്‍ തുകയില്‍ 50 മുതല്‍ 80 ശതമാനം വരെ ഇളവ് കൊടുത്തു. ഇതെല്ലാം വേണ്ടപ്പെട്ടവര്‍ക്കായിരുന്നു. അതേസമയം തന്നെ ദേവസ്വം മെംബര്‍മാരായ സാധാരണക്കാരെ നിയമപരമായും അല്ലാതെയും പീഡിപ്പിച്ച് പലിശയും മുതലും വാങ്ങുകയും ചെയ്തു. ലോണ്‍ എഴുതിത്തള്ളിയതും ഒറ്റത്തവണ തീര്‍പ്പാക്കിയതുമെല്ലാം ട്രസ്റ്റ് ബോര്‍ഡിന്റെ തീരുമാനമില്ലാതെയാണ്' എന്നായിരുന്നു കത്തില്‍ മഹേശന്‍ വെളിപ്പെടുത്തിയിരുന്നത്. കണിച്ചുകുളങ്ങര ദേവസ്വം, ഐശ്വര്യ ട്രസ്റ്റ്, ദേവസ്വം വക സ്‌കൂള്‍ എന്നിവിടങ്ങളില്‍ കോടികളുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി നടേശന്‍ നേരിട്ടും സഹായികള്‍ വഴിയും നടത്തിയിട്ടുള്ളതെന്നാണ് കെ കെ മഹേശന്‍ എഴുതിയിരിക്കുന്നത്. വെള്ളാപ്പള്ളിയും സഹായികളും നടത്തിയ കോടിക്കണക്കിന് രൂപയുടെ വിവിധ അഴിമതികള്‍ താന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് തന്നോട് പകയുണ്ടായതെന്നും 31വര്‍ഷത്തോളം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുചെ കൂടെയുണ്ടായിരുന്നയാളാണ് താനെന്നും കത്തില്‍ മഹേശന്‍ പറയുന്നുണ്ട്. മഹേശന്റെ പേരില്‍ വെള്ളാപ്പള്ളി കള്ള് ഷാപ്പുകള്‍ നടത്തിയിട്ടില്ലെന്ന് തുഷാര്‍ പറയുമ്പോള്‍ 22 വര്‍ഷത്തോളം തന്റെ പേരില്‍ വെള്ളാപ്പള്ളി ഷാപ്പ് നടത്തിയിട്ടുണ്ടെന്നും അതിലൂടെ 25 കോടിയോളം രൂപ ലാഭം ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ്. അതേസമയം തന്നെ നിരവധി അബ്കാരി കേസുകളില്‍ കുടുക്കുകയും ചെയ്‌തെന്നും വെള്ളാപ്പള്ളിക്കെതിരേ മഹേശന്റെ ആരോപണമുണ്ട്.

മൈക്രോ ഫിനാന്‍സ് കേസുകളില്‍ ജൂണ്‍ 24 നോ 25 നോ മഹേശനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് വിവരം. ഇക്കാര്യം മുന്‍കൂട്ടിയറിഞ്ഞതോടെയാണ് ജൂണ്‍ 24 ന് കെ കെ മഹേശന്‍ കണിച്ചുകുളങ്ങര യൂണിയന്‍ ഓഫിസില്‍ തൂങ്ങിമരിക്കുന്നത്.


Next Story

Related Stories