Top

ലിവിങ് ടുഗദറിൽ കൂടെയുണ്ടായിരുന്ന‌‌‌ കൊടുവള്ളി സ്വദേശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു: അ‍ഞ്ജലി അമീർ

ലിവിങ് ടുഗദറിൽ കൂടെയുണ്ടായിരുന്ന‌‌‌ കൊടുവള്ളി സ്വദേശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു: അ‍ഞ്ജലി അമീർ

തനിക്ക് വധ ഭീഷണിയെന്ന് പ്രശസ്ത അഭിനേതാവും ട്രാൻസ് ജെൻഡറുമായ അ‍ഞ്ജലി അമീർ. കൊടുവള്ളി സ്വദേശിയാണ് തനിക്കെതിരെ രംഗത്ത് എത്തിയതെന്നാണ് അ‍ഞ്ജലി അമീറിന്റെ വെളിപ്പെടുത്തൽ. ലിവിങ് ടുഗദറിൽ കൂടെയുണ്ടായിരുന്ന‌‌‌ കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്.

കുറച്ച് വർഷങ്ങളായി അനസുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞത് ഒട്ടും താത്പര്യമില്ലാതെയാണ്. തന്നെ പല വിധത്തില്‍ അയാള്‍ വ‍ഞ്ചിച്ചെന്നും നാലു ലക്ഷത്തോളം രൂപ തരാനുണ്ടെന്നും ആരോപിക്കുന്ന അഞ്ജലി ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണെന്നും അഞ്ജലി പറയുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അഞ്ജലിയുടെ ഫേസ്ബുക്ക് ലൈവ്.


താന്‍ ആത്മഹത്യയുടെ വക്കിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അനസ് മാത്രമാകും ഉത്തരവാദി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയതായും അഞ്ജലി അമീര്‍ പറഞ്ഞു.

റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ഈ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍. മമ്മൂട്ടിയുടെ പേരന്‍പിലും ശ്രദ്ധേയയായ വേഷം ചെയ്തിട്ടുണ്ട് അഞ്ജലി അമീര്‍. നിലവിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയാണ് അഞ്ജലി അമീർ.


Next Story

Related Stories