TopTop
Begin typing your search above and press return to search.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിലയിരുത്തല്‍: പാര്‍ലമെന്ററി സമതി 23 ന് കൊച്ചിയിലെത്തും

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിലയിരുത്തല്‍: പാര്‍ലമെന്ററി സമതി 23 ന് കൊച്ചിയിലെത്തും

മുതിര്‍ന്ന ലോക്‌സഭാംഗം ജഗദാംബിക പാല്‍ അദ്ധ്യക്ഷനായ അര്‍ബന്‍ ഡവലപ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ മാസം 23 ന് കൊച്ചിയിലെത്തുന്നു. കമ്മിറ്റിയിലെ അംഗമായ ഹൈബി ഈഡന്‍ എം.പി പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ സ്മാര്‍ട്ട് സിറ്റി മിഷന്‍, അമൃത്, സ്വച്ച് ഭാരത് മിഷന്‍, സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് , ദീന ദയാല്‍ അന്ത്യോദയ യോജന നാഷണല്‍ അര്‍ബന്‍ ലൈവ് ലി ഹുഡ് മിഷന്‍, പ്രധാന്‍ മന്ത്രി അവാസ് യോജന തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റി വിലയിരുത്തുന്നതെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എറണാകുളം മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം നിലവില്‍ ആരംഭിച്ചിട്ടുണ്ട്. നവീകരണം നടക്കുന്ന സമയത്ത് വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവൃത്തികളാണ് നടന്ന് വരുന്നത്. ഇത് സംബന്ധിച്ച് നിലവില്‍ പുനരധിവാസം നടക്കുന്ന പ്രദേശത്ത് ഉണ്ടാകാനിടയുള്ള വെള്ളക്കെട്ട്, ശുചിമുറികള്‍, വാഹനങ്ങള്‍ കയറിയിറങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാം സംബന്ധിച്ച് വ്യാപാരികള്‍ ആശങ്കകള്‍ ഉന്നയിച്ച സാഹചര്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തി യോഗം ചേരണമെന്ന് ഹൈബി ഈഡന്‍ കഴിഞ്ഞ ദിവസം സ്മാര്‍ട്ട് സിറ്റി മിഷന്‍ സിഇഒ ജാഫര്‍ മാലിക്കിന് കത്ത് നല്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എം.പിയും മേയര്‍ എം അനില്കുമാറും എം.എല്‍.എ ടി.ജെ വിനോദും അടക്കമുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യാപരികള്‍ക്ക് ഉറപ്പ് നല്കിയിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ച് കമ്മിറ്റിയെ അറിയിച്ചതിനെ തുടര്‍ന്ന് മുന്‍പ് സി.ഇ.ഒ ആയിരുന്ന അല്‍കേഷ് കുമാറിനെ ഡല്‍ഹിയിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സന്ദര്‍ശനം നടത്തുന്നത്. അര്‍ബന്‍ ഡവലപ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൊച്ചിയെ കൂടാതെ ഹൈദരാബാദ്, ചെന്നൈ, തിരുപ്പതി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് എം.പി പറഞ്ഞു.


Next Story

Related Stories