യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിര്‍ണായകമായ രണ്ടാം ഘട്ടം ഇന്ന്. ഇലക്ടറല്‍ കോളേജിലെ 538 അംഗങ്ങള്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. പോപ്പുലര്‍ വോട്ടിലെ വിജയിയെ അട്ടിമറിക്കാന്‍ ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ക്ക് കഴിയുമെന്നതിനാല്‍ ഇന്നത്തെ വോട്ടെടുപ്പ് നിര്‍ണായകമാണ്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാളാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ ജനകീയ വോട്ടുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് 51.4 ശതമാനം വോട്ടുകള്‍ (8,12,83,495) നേടി മുന്നിലാണ്. റിപ്പബ്ലിക്കന്‍ എതിരാളി ഡൊണാള്‍ഡ് ട്രംപിന് 46.9 ശതമാനം (7,42,23,755) വോട്ടുകളാണ് ലഭിച്ചത്. ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളും ട്രംപ് 232 വോട്ടുകളുമാണ് ഉറപ്പാക്കിയിരിക്കുന്നത്. അതിനാല്‍, ഇലക്ടറല്‍ കോളേജ് അംഗങ്ങളില്‍ 36-38 അംഗങ്ങള്‍ കൂറു മാറിയെങ്കില്‍ മാത്രമേ ട്രംപിന് സാധ്യതകള്‍ കല്‍പ്പിക്കുന്നുള്ളൂ. ജനുവരി ആറിന് കോണ്‍ഗ്രസ് ചേര്‍ന്നാണ് വോട്ടെണ്ണലും അന്തിമ ഫലപ്രഖ്യാപനവും. തുടര്‍ന്ന് ജനുവരി 20ന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും.
2016ല്‍ ട്രംപിനെ അധികാരത്തില്‍ എത്തിച്ചത് ഇലക്ടറല്‍ കോളേജ് വോട്ടുകളായിരുന്നു. ജനകീയ വോട്ടെടുപ്പില്‍ ട്രംപിനെക്കാള്‍ ഏറെ മുന്നിലായിരുന്നു ഹിലരി ക്ലിന്റണ്. 48.18 ശതമാനം വോട്ടുകളാണ് (6.59 കോടി വോട്ടുകള്‍) ഹിലരി നേടിയത്. ട്രംപിന്റെ വോട്ട് നേട്ടം 46.09 (6.30 കോടി വോട്ടുകള്‍) ശതമാനമായിരുന്നു. എന്നാല്‍ ഇലക്ടറല്‍ കോളേജ് വോട്ടെടുപ്പില്‍ ട്രംപ് 304 വോട്ടുകളും ഹിലരി 227 വോട്ടുകളുമാണ് നേടിയത്. അങ്ങനെയാണ് ട്രംപ് പ്രസിഡന്റ് പദവിയിലെത്തിയത്.
2000ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് ബുഷിനു ലഭിച്ചതിനേക്കാള്‍ അഞ്ച് ലക്ഷത്തോളം വോട്ടുകള്‍ അധികം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അല്‍ഗോറിനു ലഭിച്ചിരുന്നു. ബുഷിന് 271 ഇലക്ടറല്‍ കോളേജ് വോട്ടും അല്ഗോറിന് 266 വോട്ടും ലഭിച്ചു. എന്നാല്‍, ബുഷിന്റെ സഹോദരന് ജെഫ് ബുഷ് ഗവര്‍ണറായിരുന്ന ഫ്ളോറിഡയില്‍ നടത്തിയ ക്രമക്കേടിലൂടെയാണ് ഇലക്ടറല്‍ കോളേജില്‍ ഭൂരിപക്ഷം നേടിയതെന്ന ആരോപണം ഉയര്‍ന്നതോടെ കേസ് സുപ്രീം കോടതിയിലെത്തി. എന്നാല്‍ യാഥാസ്ഥിതികരായ ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന കോടതി ബുഷിന് അനുകൂലമായാണ് വിധിച്ചത്.
തിരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപും ഫലം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടും അട്ടിമറിയും നടന്നതായി നിരന്തരം ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അക്കാര്യങ്ങള്‍ പ്രചരിപ്പിച്ചു. കോടതി ഇടപെടലില്‍ അനുകൂല നടപടി ഉണ്ടാകുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. എന്നാല്‍ ഇതു സംബന്ധിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാതികളെല്ലാം സുപ്രീം കോടതി തള്ളി. 126 കോണ്‍ഗ്രസ് പ്രതിനിധികളും 18 സംസ്ഥാനങ്ങളും കക്ഷി ചേര്‍ന്ന കേസാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ഇതോടെ, ട്രംപിന്റെ അവസാന ശ്രമങ്ങളും പാഴായിരിക്കുകയാണ്. അന്തിമഫല പ്രഖ്യാപനം വരെ കാത്തിരിക്കാനാണ് ട്രംപിന്റെ തീരുമാനം.